കേരളത്തെ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം: മന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്സസ്സിബിള്‍ ഇന്‍ഡ്യ ക്യാംപെയ്ന്‍, ബാരിയര്‍ ഫ്രീ കേരള പദ്ധതികളുടെ അവലോകന യോഗം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

വിവിധ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടര്‍മാരെയും പിഡബ്ല്യുഡി, നിര്‍മ്മിതികേന്ദ്ര, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ നിര്‍വ്വഹണ ഏജന്‍സികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ പങ്കെടുത്തു കൊണ്ട് ബാരിയര്‍ഫ്രീ പദ്ധതികളുടെ പുരോഗതി മന്ത്രി വിലയിരുത്തി.

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സംസ്ഥാനത്ത് പുരോഗമിച്ചു വരുന്നുണ്ട്.

പൗരകേന്ദ്രീകൃതമായ പൊതുകെട്ടിടങ്ങളും, പാതകളും, പാര്‍ക്കുകളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടാതെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വെബ് സൈറ്റുകളും, ഗതാഗത സംവിധാനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണമായും ഭിന്നശേഷിക്കാര്‍ക്ക് തടസ്സരഹിതമാക്കുന്നതിനുള്ള കര്‍മ്മപദ്ധതി അടിയന്തിരമായി തയ്യാറാക്കുന്നതിനും തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ക്കായുള്ള പ്രൊപ്പോസലുകളും എസ്റ്റിമേറ്റുകളും ആഗസ്റ്റ് 31 നു മുമ്പായി സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ പങ്കെടുത്ത എല്ലാ വകുപ്പുകളും സംയോജിതമായി നിര്‍മ്മാണ നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകണത്തിലും, എല്ലാ ഉദ്യോഗസ്ഥരും പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിലും കര്‍ശന ജാഗ്രത പാലിക്കണമെന്നും, ജില്ലാ തലത്തില്‍ കളക്ടര്‍‍മാരുടെ അനുമതിയോടെ ഭരണാനുമതി തുകയ്ക്കുള്ളില്‍ നിര്‍ത്തിക്കൊണ്ട് ആവശ്യമെങ്കില്‍ പ്രവൃത്തികളില്‍ മാറ്റം വരുത്താവുന്നതാണെന്നും, ആയത് യഥാസമയം സാമൂഹ്യനീതി വകുപ്പിനെ അറിയിക്കുന്നതിനും നിര്‍ദ്ദേശിച്ചു.

Exit mobile version