ഓൺലൈനിലും ഡിജിറ്റൽ സംവിധാനത്തിലും സ്കൂൾ പഠനപ്രവർത്തനം ആരംഭിക്കാനിരിക്കെ വീട്ടിൽ തളച്ചിടപ്പെട്ട ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതം ദുരിതപൂർണമാകുന്നു.
ലോക്ഡൗൺ കാലത്തെ രണ്ടാം പ്രവേശനോത്സവത്തിലും സമൂഹത്തിൽനിന്ന് വേർതിരിവ് നേരിടുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികൾ നേരിടുന്നത് കടുത്ത അവഗണന.
ഇവരുടെ പഠന പ്രവർത്തനങ്ങളും മറ്റ് കാര്യങ്ങളും പരിശോധിക്കാനോ വിലയിരുത്താനോ സംവിധാനമില്ല. കോവിഡ് ഭീതിയിൽ വീടിന് പുറത്തിറങ്ങാൻപോലും ഇവർക്ക് കഴിയുന്നില്ല.
സമൂഹവുമായുള്ള അടുത്ത ഇടപെടലും ക്രിയാത്മക പ്രവർത്തനങ്ങളുമാണ് ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതത്തിൽ ആഹ്ലാദം പകർന്നിരുന്നത്. ഇതിന് ഇവരെ സഹായിച്ചത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളും ഇതേ സൗകര്യമുള്ള സ്വകാര്യ സ്ഥാപനങ്ങളും ആയിരുന്നു.
കോവിഡിൻെറ ആരംഭത്തിൽ മറ്റ് വിദ്യാലയങ്ങൾക്കൊപ്പം സ്പെഷൽ സ്കൂളുകളും പൂട്ടുകയായിരുന്നു. മാനസികോല്ലാസവും ശാരീരിക ക്ഷമതയും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പഠന രീതിയായിരുന്നു ഇവർക്ക് വിദ്യാലയങ്ങളിൽ ലഭ്യമായിരുന്നത്.
സ്ഥാപനങ്ങൾ അടച്ചതോടെ 15 മാസത്തിലധികമായി ഈ കുട്ടികൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്. ദിനചര്യകൾക്കടക്കം പരസഹായം വേണ്ട വിദ്യാർഥികൾക്ക് ആവശ്യമായ സമൂഹപിന്തുണ ഇപ്പോൾ പൂർണമായും നിലച്ചിരിക്കുകയാണ്.
ശാരീരിക അസ്വസ്ഥതകൾ ഇവരുടെ ജീവിതത്തെതന്നെ ബാധിച്ചുതുടങ്ങി. മുടങ്ങാതെ ഫിസിയോ തെറപ്പി തുടങ്ങിയ ശാരീരിക ചികിത്സ ആവശ്യമുള്ളവരാണ് ഇവരിലേറെയും.
സ്വകാര്യ മേഖലയിലടക്കം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇവരുടെ ദൈന്യത നിത്യവും അനുഭവിക്കുന്ന രക്ഷിതാക്കളും കടുത്ത മാനസിക പിരിമുറുക്കമാണ് നേരിടുന്നത്.
ഇവർക്കും വിനോദം പകരാൻ ഉതകുന്ന ബദൽ മാർഗം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.