ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി ലോകത്തിന് തന്നെ മികച്ച മാതൃകയായി മാറുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ.
2021-21 വർഷത്തിലെ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ നിപ്മറിലെ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ കൈവരിച്ച വിജയം എടുത്തുപറയേണ്ടതാണ്. എസ് എസ് എൽ സി പരീക്ഷയിൽ ഏഴ് പേരും പ്ലസ് ടു പരീക്ഷയിൽ ഒരാളുമാണ് വിജയിച്ചത്.
ഇൻക്ലൂസീവ് എഡ്യൂക്കേഷൻ എന്ന ആശയത്തിലൂടെ പ്രത്യേക കരുതൽ നൽകിക്കൊണ്ടാണ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളെ ഈ വിജയത്തിന്റെ മാധുര്യത്തിലേക്ക് നിപ്മാർ കൈപിടിച്ചുയർത്തിയത്.
നിപ്മറിലെ സ്പെഷ്യൽ സ്കൂളിൽ മാത്രം വന്നുകൊണ്ടിരുന്ന കുട്ടികൾക്കായി മറ്റ് ഏതൊരു കുട്ടികളെയും പോലെ സ്കൂളിൽ പോയി പഠിക്കുന്നതിന് വിവിധ സ്കൂളുകളുമായി സഹകരിച്ച് വേണ്ട സൗകര്യങ്ങളൊരുക്കുകയായിരുന്നു.
പതിവിലും വ്യത്യസ്തമായി ഭിന്നശേഷി കുട്ടികൾക്കായുള്ള റാംപ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തിയാണ് പഠന സൗകര്യമൊരുക്കിയത്.
പോക്ക് വരവിനുള്ള സൗകര്യത്തിനായി താഴത്തെ നിലയിലുള്ള ക്ലാസ് റൂമുകൾ സജ്ജീകരിക്കുകയടക്കമുള്ള കാര്യങ്ങൾ ഇതിൽ ഭാഗമായി ചെയ്തിരുന്നു.
ബി വി എം ഹൈസ്കൂൾ കൊടകര, ഗവ ഹൈസ്കൂൾ വിജയരാഘവപുരം, ഗവ ഹയർ സെക്കന്ററി സ്കൂൾ വില്ലിടം, ഗവ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ തൃശൂർ, ഗവ നാഷണൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കൊടകര, എച്ച് ഡി പി സമാജം എച്ച് എസ് എസ് എടതിരിഞ്ഞി എന്നി സ്കൂളുകളാണ് നിപ്മറുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികൾക്കായി വേണ്ട പഠന സൗകര്യമൊരുക്കിയത്.
പരീക്ഷ എഴുതുന്നതിനായി ഇവർക്ക് സ്ക്രൈബിനെ സ്കൂളുകളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.
കോവിഡ് കാലത്ത് എല്ലാ കുട്ടികളെയും പോലെ സ്റ്റേറ്റ് സിലബസിലുള്ള ഓൺലൈൻ ക്ലാസുകളിലൂടെയാണ് നിപ്മറിലെ കുട്ടികളും പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
കൂടാതെ സ്പെഷ്യൽ സ്കൂൾ ക്ലാസുകളും ഓൺലൈനായാണ് നടന്നിരുന്നത്. തെറാപ്പി സൗകര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ വിഭാഗം കുട്ടികൾ നിപ്മറിൽ എത്തിയിരുന്നത്.
സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ ആകെ എട്ട് അധ്യാപകരാണ് നിപ്മറിലുള്ളത്.
ഭിന്നശേഷി കുട്ടികൾക്കും എല്ലാ കുട്ടികളെയും പോലെ വേണ്ട പഠനാന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടു പോയതെന്ന് നിപ്മർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു.
നിപ്മറിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ കുട്ടികൾക്ക് വേണ്ട പഠന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനും അത് മുടക്കമൊന്നും കൂടാതെ നടത്തിക്കൊണ്ട് പോകുന്നതിനുമായി ഇവിടുത്തെ എല്ലാവരും ഒരേ മനസോടെയാണ് പ്രവർത്തിച്ച് വരുന്നു.
സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ക്ലാസുകളും നിപ്മറിലെ സ്പെഷ്യൽ സ്കൂളിലെ ക്ലാസ്സുകളും ഒരാഴ്ചയിൽ സമയബന്ധിതമായി ക്രമീകരിച്ചു.
സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ ഇവിടുത്തെ സ്പെഷ്യൽ സ്കൂൾ അധ്യാപകരും കുട്ടികൾക്കായി പറഞ്ഞുകൊടുക്കുന്ന രീതിയാണ് പിന്തുടർന്ന് പോന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.