ആഗ്രഹങ്ങളെ ചേർത്ത് പിടിച്ച് സുമ

ചിറ്റൂർ: ശരീരത്തിനു വൈകല്യമുണ്ടെങ്കിലും മനസ്സുറപ്പുണ്ടെങ്കിൽ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാമെന്നു തെളിയിച്ച് നല്ലേപ്പിള്ളി വാക്കിനിച്ചള്ള സ്വദേശിനി വി. സുമ (33).

തന്റെ 15ാം വയസ്സുവരെ മുട്ടിലിഴഞ്ഞിരുന്ന സുമയുടെ ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം.

ചിറ്റൂർ ഹയർ സെക്കൻഡറി തുല്യത പഠിതാവായ സുമ വൈകല്യങ്ങളെ തോൽപിച്ച് ഹയർ സെക്കൻഡറി പരീക്ഷ എഴുതാനൊരുങ്ങുകയാണ്.

കൂലിപ്പണിക്കാരായ വിശ്വനാഥന്റെയും ദേവിയുടെയും 3 പെൺമക്കളിൽ ഇളയവളാണ് സുമ.

ജന്മനാ ഇരുകാലുകൾക്കുമുള്ള ശേഷിക്കുറവ് കാരണം സ്‌കൂൾ പഠനം ഉപേക്ഷിച്ച സുമ സാക്ഷരതാ പ്രേരകായ ഗിരിജയുടെ സഹായത്തോടെയാണ് തുല്യതാ പഠനം ആരംഭിച്ചത്.

പഠനത്തോടൊപ്പം തയ്യൽ, എംബ്രോയ്ഡറി, ഗ്ലാസ് പെയിന്റിങ് എന്നിവയിലൂടെ ചെറിയ രീതിയിൽ വരുമാനം കണ്ടെത്തുന്ന സുമ ഭിന്നശേഷി വിഭാഗത്തിലെ മികച്ച കായികതാരം കൂടിയാണ്.

ഇടവേളകളിൽ പഠനത്തിനൊപ്പം വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയും പൂന്തോട്ടം ഒരുക്കാനും അതിരാവിലെ ജിംനേഷ്യത്തിലും പരിശീലനത്തിനു പോകുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ ഷോട്പുട്ടിൽ സ്വർണം നേടിയ സുമ, രാജസ്ഥാനിൽ നടന്ന ദേശീയ പാരാലിംപിക് മത്സരത്തിലും നാഗ്പൂരിൽ നടന്ന 55 കിലോഗ്രാം വിഭാഗം പവർലിഫ്റ്റിലും പങ്കെടുത്തിട്ടുണ്ട്.

ഈ മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് സുമ.

അമ്പെയ്ത്ത് മത്സരം ജില്ലാതല വിജയി, ഷോട്പുട്ട്, ജാവലിൻ ത്രോ, വോളിബോൾ, ഡിസ്കസ് ത്രോ പാരാലിഫ്റ്റ് തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങൾ.

പഠനത്തിനു ശേഷം ഫാഷൻ ഡിസൈനറാകണമെന്നാണ് ആഗ്രഹമെന്നു സുമ പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button