ന്യൂഡല്‍ഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി.
സോണി പിക്ച്ചേഴ്സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയില്‍ വൈകല്യത്തെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ സാഹചര്യത്തിലാണ് ഡോക്യുമെന്ററി, സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയത്.
ആളുകളുടെ വൈകല്യം അവഹേളിച്ച് തമാശയാക്കേണ്ട കാര്യമല്ല. അംഗപരിമിതരായവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി.
മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകള്‍ ഭിന്നശേഷിക്കാര്‍ക്കെതിരേ പ്രയോഗിക്കരുത്. സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്.
വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കണം. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി തേടണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇത്തരം നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം.
* പീഡിതർ, അവശർ, ഇര തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം.
* ശാരീരികാവസ്ഥ ചിത്രീകരിക്കുമ്പോൾ അതിനുപയോഗിക്കുന്ന പ്രതീകാത്മക ചിത്രങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. ഉദാഹരണത്തിന്, നിശാന്ധത പോലുള്ള അവസ്ഥ തെറ്റിദ്ധാരണാജനകമായി ചിത്രീകരിക്കുന്നതു സ്ഥിതി ഗുരുതരമാക്കും.
* ഭിന്നശേഷിക്കാർ നേരിടുന്ന തടസ്സങ്ങൾ ശരാശരി ആളുകൾക്ക് അറിയില്ല. ദൃശ്യമാധ്യമങ്ങൾ അവരുടെ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കണം.
* ഭിന്നശേഷിക്കാരുടെ വെല്ലുവിളികൾ മാത്രമല്ല, അവരുടെ വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണം.
* കാഴ്ചപരിമിതിയുള്ളവർ വഴിയിലെ വസ്തുക്കളിൽ ചെന്നിടിക്കുന്നതുപോലെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കരുത്.
* എഴുത്തുകാർ, നിർമാതാക്കൾ തുടങ്ങി ദൃശ്യമാധ്യമ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം.