കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്ക്‌ ‘സുശക്തി’

ഭിന്നശേഷിക്കാരെ സ്വയംപര്യാപ്‌തരാക്കാനായി ‘സുശക്തി’ സ്വയംസഹായ സംഘം രൂപീകരിക്കാൻ സർക്കാർ. കുടുംബശ്രീ മാതൃകയിൽ സ്വാശ്രയ കൂട്ടായ്മകളുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുശക്തമായ സംഘടനാസംവിധാനവും പ്രവർത്തനവുമുണ്ടാകും.

നാൽപ്പത്‌ ശതമാനമോ കൂടുതലോ ശാരീരിക– മാനസിക– ബ‍ൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും രക്ഷിതാക്കൾക്കുമാണ്‌ അംഗത്വം. ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തി ബ്രാൻഡ് ചെയ്ത് വിപണനസാധ്യത മെച്ചപ്പെടുത്തും.

അംഗങ്ങളില്‍ നിക്ഷേപം, സമ്പാദ്യം, മിതവ്യയ വായ്പ തുടങ്ങി എല്ലാവിധ ധനവിനിയോഗ പരിപാടികളും കാര്യക്ഷമമാക്കും. സർക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സാമ്പത്തികവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകും.

ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, ആതുരസേവനം, സാമൂഹ്യനീതി, സദ്‌ഭരണം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികളുടെ ആസൂത്രണ, നിർവഹണ പ്രവര്‍ത്തനങ്ങളിലും ഭാഗമാകും.

അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ലഹരി ഉപയോഗം, ചൂഷണം തുടങ്ങിയവയ്ക്കെതിരെ നിലകൊള്ളും. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസാണ്‌ ആസ്ഥാനം. വാർത്താസമ്മേളനത്തിൽ ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചേയർപേഴ്‌സൺ അഡ്വ. ജയ ഡാളി, എംഡി കെ മൊയ്‌തീൻകുട്ടി എന്നിവരും പങ്കെടുത്തു.

യൂണിറ്റിൽ 10 മുതല്‍ 20വരെ അംഗങ്ങൾ. തദ്ദേശസ്ഥാപനതലത്തിൽ യൂണിറ്റുകളുടെ മേൽഘടകമായി സുശക്തി ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റി(എൽഡിഎസ്‌). പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാതല ഘടകവും സംസ്ഥാന മിഷനും. എൽഡിഎസ്‌ സെക്രട്ടറിമാരില്‍നിന്നോ പ്രസിഡന്റുമാരില്‍നിന്നോ സുശക്തി സംസ്ഥാന മിഷൻ ഭരണസമിതി നാമനിർദേശം ചെയ്യുന്ന ചെയർമാനടക്കം പരമാവധി 15 പേരാകും ജില്ലാഘടകത്തിൽ. സുശക്തി എൽഡിഎസുകൾക്കും യൂണിറ്റുകള്‍ക്കും ബാങ്ക് ലിങ്കേജ് വായ്പ ലഭ്യമാക്കാൻ ജില്ലാഘടകം മേല്‍നോട്ടം വഹിക്കും. സാമൂഹ്യനീതി മന്ത്രി ചെയർപേഴ്‌സണായ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിങ്‌ ബോഡിയും സംസ്ഥാനതലത്തിലുണ്ടാകും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button