ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സുശക്തി സംഘങ്ങൾ

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി സംഘങ്ങൾ/സ്വാശ്രയ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള ഏറ്റവും ബൃഹത്തായ ജനകീയ സംരംഭമായാണ് സുശക്തി സംഘങ്ങൾ/സ്വാശ്രയ കൂട്ടായ്മകൾ നിലവിൽ വരുന്നത്.

പഞ്ചായത്ത്, നഗരസഭ, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലുള്ള ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, ജില്ലാതല മിഷനുകൾ, സംസ്ഥാനതല മിഷൻ എന്നിവയാണ് സുശക്തി യൂണിറ്റുകളുടെ സംഘടനാ സംവിധാനം നിർവഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

2025ലെ സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് (2025 ലെ 14) പ്രകാരം കേരള സംസ്ഥാന ഭിന്നശേഷി ശാക്തീകരണ ദൗത്യം എന്ന സ്വയംസഹായ സംഘങ്ങൾ /സ്വാശ്രയ കൂട്ടായ്മകൾ രൂപീകരിക്കാനായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചതായും സംസ്ഥാന മിഷൻ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംഘത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ചട്ടങ്ങളും റെഗുലേഷനുകളും മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കും. സംസ്ഥാനതല സംഘം രജിസ്റ്റർ ചെയ്യുന്നതോടുകൂടി കീഴ് ഘടകങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ മാതൃക ബൈലോ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button