തിയേറ്ററുകൾ ഭിന്നശേഷി സൗഹൃദമാകുന്നു

കൊച്ചി: പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന നിയമം നടപ്പിലാക്കാൻ സംസ്ഥാനത്തെ തീയേറ്ററുകൾ സജ്ജമാകുന്നു.

കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഇതിന്റെ നടപടികൾ പൂർത്തിയാവുകയാണ്. സംസ്ഥാനത്ത് ഒരു തീയേറ്ററും ഭിന്നശേഷി സഹൃദാന്തരീക്ഷം ഇതുവരെ പൂർണമായും ഒരുക്കിയിരുന്നില്ല. ചില തീയേറ്ററുകളിൽ റാമ്പ് ഉണ്ടെങ്കിലും സീറ്റുകളിൽ ഇരുന്ന് കാണാനുള്ള സംവിധാനമില്ല.

ഭിന്നശേഷി സംഘടനകളുടെ നിരന്തരമായ ഇടപെടലിലൂടെയാണ് ഈ അവസ്ഥ മാറുന്നത്. പ്രവേശന കവാടത്തിന് അരികിലായി വീൽ ചെയറിലിരുന്ന് സിനിമ കാണാൻ സ്ഥലം ഒഴിച്ചിടും. അകത്തു പ്രവേശിക്കാൻ റാമ്പുകളും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റുകളും സ്ഥാപിക്കും.

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് 2016ലെ കേന്ദ്ര ഭിന്നശേഷി അവകാശ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് കേന്ദ്രസ‌ർക്കാരിനെ രണ്ടു മാസം മുമ്പ് സുപ്രീംകോടതി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരുടെ സംഘടനകൾ തിയേറ്ററുടമകളുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്ത് ആയിരത്തിലേറെ തിയേറ്ററുകളുണ്ട്.

തിയേറ്ററുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഉടമകൾക്ക് സമ്മതമാണ്. എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കണമെന്നുള്ള നിയമാവലി കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കണമെന്നു ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് അറിയിച്ചു.

1. മൊത്തം സീറ്റുകളുടെ ഒരു ശതമാനം ഭിന്നശേഷിക്കാർക്ക് നൽകണം
2. റാമ്പുകളും വീൽചെയറും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും വേണം
3. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ ഭിന്നശേഷി സീറ്റുകൾ വ്യക്തമാക്കണം

Exit mobile version