തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍ സംരഭങ്ങളിലേക്ക് നയിച്ച് ശാക്തീകരിക്കുന്നതിന് പ്രചോദനകരമായ രീതിയിലുള്ള മികച്ച പ്രവര്‍ത്തനം നടത്തിയ സംസ്ഥാന ഏജന്‍സി എന്നതിനാലാണ് വികലാംഗക്ഷേമ കോര്‍പറേഷന് ഹയര്‍ ടേണ്‍ ഓവറിനുള്ള ഇന്‍സെന്റീവ് അനുവദിച്ചത്.
വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
2000 ലാണ് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ വായ്പ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്നതിനായി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി വികലാംഗക്ഷേമ കോര്‍പറേഷനെ തെരഞ്ഞെടുത്തത്.
2016 വരെയുള്ള കാലയളവില്‍ 16 വര്‍ഷം കൊണ്ട് 1200 ഓളം ഭിന്നശേഷിക്കാര്‍ക്ക് 25 കോടിയോളം രൂപയാണ് വായ്പയായി കൊടുത്തിരുന്നത്.
അതേസമയം കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 3760 ആളുകള്‍ക്ക് 45 കോടിയോളം രൂപ ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല തുടര്‍ച്ചയായി 3 വര്‍ഷത്തോളമായി ഹയര്‍ ടേണോവറിനുള്ള ഇന്‍സന്റീവും വികലാംഗക്ഷേമ കോര്‍പറേഷന് ലഭിച്ചു കൊണ്ടിരിക്കുന്നു.
വളരെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് വികലാംഗക്ഷേമ കോര്‍പറേഷന്‍ നടത്തി വരുന്നത്.
മികച്ച പ്രവര്‍ത്തനത്തിന് 2018-19ലെ മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ അവാര്‍ഡ് വികലാംഗക്ഷേമ കോര്‍പറേഷന് ലഭിച്ചിരുന്നു.
വികലാംഗക്ഷേമ കോര്‍പറേഷന്‍ എപ്ലോയ്‌മെന്റ് വകുപ്പുമായി ചേര്‍ന്ന് 7500 പേർക്ക് ലോണ്‍ നല്‍കുന്ന കൈവല്യ പദ്ധതിയും നടപ്പിലാക്കി വരുന്നു.
2800 ഓളം പേർക്ക് ഇതുവരെ പദ്ധതിയിലൂടെ ലോണ്‍ ലഭിച്ചിട്ടുണ്ട്.
ഇതുകൂടാതെ 35 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റിയും അനുവദിച്ച് തന്നിട്ടുണ്ട്. അതോടെ വികലാംഗക്ഷേമ കോര്‍പറേഷനുള്ള ആകെ സര്‍ക്കാര്‍ ഗ്യാരന്റി 55 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
ഇതിലൂടെ വളരെയധികം ഭിന്നശേഷിക്കാർക്ക് ലോണ്‍ നല്‍കി സ്വയംപര്യാപ്തരാക്കാന്‍ സാധിച്ചിട്ടുണ്ട്.