സഹായസാങ്കേതിക വിദ്യകളുടെ ഉപയോഗം ഭിന്നശേഷിക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും: മന്ത്രി

സഹായസാങ്കേതിക വിദ്യകളുടെ ഉപയോഗം ഭിന്നശേഷിക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്)-ൽ നടക്കുന്ന എംപവർ 2023 – അസിസ്റ്റീവ് ടെക്‌നോളജി ഫെയറും സ്റ്റുഡൻറ് ഡിസൈൻ ചലഞ്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭിന്നശേഷി സേവനത്തിന് പുതിയ മാനങ്ങൾ കണ്ടെത്താനുള്ള നിഷിന്റെ ചുവടുവയ്പുകൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

അസിസ്റ്റീവ് ടെക്‌നോളജിയുടെ ഉപയോഗം രാജ്യവ്യാപകമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, ഐ ഐ റ്റി എം റിസർച്ച് പാർക്ക് എന്നിവയുടെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എംപവർ 2023 സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്-ൻറെ (ഐ സി എം ആർ) ധനസഹായത്തോടെ നിഷ്- നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജി ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി അസിസ്റ്റീവ് ടെക്‌നോളജി ഫെയറും സ്റ്റുഡൻറ് ഡിസൈൻ ചലഞ്ചും ഉണ്ടായിരിക്കും.

400-ൽ പരം പുനരധിവാസ പ്രൊഫഷണലുകൾ, മനശാസ്ത്രജ്ഞർ, മെഡിക്കൽ വിദഗ്ധർ, ഡിസൈൻ എഞ്ചിനീയർമാർ, സോഷ്യൽ വർക്കർമാർ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ സംയോജിപ്പിച്ചു കൊണ്ടുള്ള സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക വിവര സാങ്കേതികത സഹായ സാങ്കേതികവിദ്യയുടെ വിപുലീകരണത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് കോൺഫറൻസ് ചർച്ച ചെയ്യും. അതതു മേഖലകളിലെ വിദഗ്ധർ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും.

വിവിധ സാങ്കേതിക, വ്യാവസായിക അക്കാദമിക് മേഖലകളിൽ നിന്നുമുള്ള വ്യക്തികൾ രണ്ടു ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കും. കോൺഫറൺസിനോടനുബന്ധിച്ച് ശില്പശാലയും, ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

നൂതന കണ്ടുപിടുത്തങ്ങളും, അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും, അവ ഭിന്നശേഷിക്കാരിലേയ്ക്ക് എത്തിക്കാനും ഇത്തരത്തിലുള്ള സമ്മേളനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Exit mobile version