വയോജന ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം: സെമിനാർ ശ്രദ്ധേയമായി

സമഭാവനയിൽ അധിഷ്ഠിതമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതുകേരള മോഡൽ വികസിപ്പിക്കുന്നതിനാണ് കേരളീയത്തിന്റ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.

നവകേരള സങ്കൽപ്പം തുല്യതയിൽ അധിഷ്ഠിതമായതും മുതിർന്ന പൗരൻമാരെയും ട്രാൻസ്ജൻഡർ സമൂഹത്തെയും ഉൾക്കൊള്ളുന്നതുമാണ്.

അരികുവൽകൃത സമൂഹങ്ങളെ ഉൾക്കൊള്ളുകയും അവരുടെ പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ സെമിനാറിൽ നിന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വയോജന ക്ഷേമം എന്ന വിഷയത്തെ പ്രത്യേകം അഭിസംബോധന ചെയ്യേണ്ടത് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. വയോജന ആരോഗ്യ നിലവാരം ഇന്ത്യയിലേറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. സർവീസ് ,ക്ഷേമ പെൻഷനുകളും വയോജന ജീവിത നിലവാരത്തെ ഉയർത്തുന്നതായും മന്ത്രി പറഞ്ഞു.

ഭിന്നശേഷി, വയോജനങ്ങൾ, ട്രാൻസ് ജൻഡർ സമൂഹങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പറഞ്ഞു.

ജനസംഖ്യയിൽ 12.9 ശതമാനം വയോജനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട പ്രവർത്തനങ്ങളിലൂടെ ആയുർ ദൈർഘ്യം ഉയർന്നതിന്റെ നേട്ടമാണിത്. അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിന് പാർശ്വ വൽകൃത സമൂഹങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതി വകുപ്പ് നിലവിൽ തുടർന്ന് വരുന്നത്. നിലവിലെ സാധ്യതകൾക്കൊപ്പം വെല്ലുവിളികളെയും നേരിടാൻ കഴിയുന്ന രീതിയിലുള്ള സംവാദം സെമിനാറിൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് നയങ്ങളിൽ മാറ്റം വരുത്താൻ കഴിയണമെന്ന് വെന്യൂ ജനറ്റ് റിക്‌സ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ എബി ഡേ പറഞ്ഞു. പുതിയ കാലത്തിനനുസരിച്ചുള്ള വയോജന ആരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയോജനങ്ങളെ ബാധ്യതയായി കാണുന്ന സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് ഹെൽ പേജ് ഇന്ത്യ,പോളിസി റിസർച്ച് ആൻഡ് അഡ്വക്കേറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി അനുപമ ദത്ത പറഞ്ഞു.

ഈ മേഖലയിലെ പ്രശംസാവഹമായ പദ്ധതികൾ നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ സാക്ഷരത വയോജനങ്ങളിൽ വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനം ഊർജിതമാക്കണം. വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. വയോജനങ്ങളായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും അനുപമ അഭിപ്രായപ്പെട്ടു.

ഭൗതിക തടസ്സങ്ങൾ, മനോഭാവത്തിലുള്ള പോരായ്മകൾ എന്നിവ ഇല്ലാതാക്കി കൊണ്ടാകണം ഭിന്ന ശേഷി സമൂഹത്തെ ശാക്തീകരിക്കേണ്ടതെന്ന് ഡിജിറ്റൽ ശ്രുതി ഡിസബിലിറ്റി റൈറ്റ് സെന്റർ ഡയറക്ടർ ഷമ്പാ സെൻ ഗുപ്ത അഭിപ്രായപ്പെട്ടു.

വനിതകളായ ഭിന്നശേഷി ക്കാരുടെ പ്രശ്‌നങ്ങൾ കൂടുതൽ ഗൗരവമായി കാണണം. കുടുംബത്തിനുള്ളിൽ നിന്നു തന്നെ അതിക്രമം നേരിടുന്ന സാഹചര്യം നിലവിലുണ്ടെന്നും ഷമ്പ പറഞ്ഞു. ഇത്തരം അതിക്രമങ്ങളുടെ ക്രൈം ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യണമെന്നും ഷമ്പ അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം, പോഷകാഹാര വിതരണം എന്നിവയാണ് ജീവിത ദൈർഘ്യം കൂടാൻ സഹായിച്ചതെന്ന് നിംഹാൻസ് പ്രൊഫസർ സഞ്ജീവ് ജയൻ അഭിപ്രായപ്പെട്ടു. ഇനി മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ട കാലത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രായം കൂടുന്തോറും മാനസിക ആരോഗ്യം വർധിപ്പിക്കാൻ വേണ്ട നടപടി കേരളം സ്വീകരിക്കണമെന്ന് സഞ്ജീവ് ജയിൻ പറയുന്നു.

വരുമാന ശേഷി ഇല്ലാത്തവരെന്ന നിലയിൽ ഭിന്നശേഷിക്കാർ ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഗൗരവകരമാണെന്ന് സെന്റർ ഫോർ ഇൻക്ലൂസീവ് പോളിസി പ്രതിനിധി മീനാക്ഷി ബാലസുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു.

ഭിന്ന ശേഷി വിഭാഗത്തിലെ ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങൾ വ്യത്യസ്തമാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ആംഗ്യ ഭാഷയെക്കൂടി ഭരണഘടനാപരമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ കേരളം മാതൃകപരമായ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും മീനാക്ഷി പറഞ്ഞു.

കാഴ്ച പരിമിതിയെ അതിജീവിച്ച കാലം കാന്താരി സ്ഥാപക സബ്രിയേ ടെൻ ബർകൻ വിശദീകരിച്ചു. കേരളത്തിന്റെ ഭിന്നശേഷി സൗഹൃദ സമീപനം കൊണ്ടാണ് തന്റെ പ്രധാന പ്രവർത്തന മണ്ഡലമായി കേരളത്തെ തെരഞ്ഞെടുത്തതന്നും അദ്ദേഹം പറഞ്ഞു.

ന്യൂറോ പ്ലാസ്റ്റിസിറ്റി, എപ്പിജനിറ്റ്ക്‌സ് പഠനങ്ങൾ ഭിന്നശേഷി വിഭാഗങ്ങളുടെ വികാസത്തിനായി ഉപയോഗിക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടർ സുജ കെ കുന്നത്ത് അഭിപ്രായപ്പെട്ടു.

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകിക്കൊണ്ടു മാത്രമേ കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു. ഇത്തരം പദ്ധതികളും സർക്കാർ ഊർജിതമാക്കണമെന്ന് സുജ പറഞ്ഞു.

പൂർണമായും ഭിന്നശേഷി സൗഹൃദമാകാനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ പറഞ്ഞു. വയോജനങ്ങളുടെ ആർജിത കഴിവുകളെ ഉപയോഗിക്കാൻ സംസ്ഥാനത്തിനാകണമെന്നും മിനി അഭിപ്രായപ്പെട്ടു.

ഭിന്നശേഷി സെൻസസ് നടത്തി രാജ്യത്തിനു മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ടെക്‌നോപാർക്ക് മുൻ സിഇഒ ജി.വിജയ രാഘവൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ നമുക്ക് കഴിയണം. ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും വിജയ രാഘവൻ അഭിപ്രായപ്പെട്ടു.

ജീവിത ശൈലീരോഗങ്ങൾ, സാമ്പത്തികമായ പ്രതിസന്ധി എന്നിവ വയോജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് ഓസ്ട്രിയയിൽ നിന്നുള്ള ഗവേഷകൻ ഡോ.കെ. ജയിംസ് പറഞ്ഞു.

വയോജനങ്ങളുടെ ജന സംഖ്യ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം ഇതിനെ നേരിടുന്നതിനുള്ള നയങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജയിംസ് പറഞ്ഞു.

നിപ്പർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബു ക്രോഡീകരണം നടത്തി. മന്ത്രി ഡോ. ആർ ബിന്ദു സെമിനാർ ഉപസംഹരിച്ചു.

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് വിഷയാവതരണം നടത്തി.

ഭിന്നശേഷിക്കാരിയായ കൺമണി കാലുകൊണ്ട് നിർമിച്ച നെറ്റിപ്പട്ടം സ്‌നേഹോപഹാരമായി പാനലിസ്റ്റുകൾക്ക് മന്ത്രി സമ്മാനിച്ചു.

ഭിന്നശേഷി കുട്ടായ്‌മയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സുജീന്ദ്രൻ കെ., സെക്രട്ടറി വിനോദ് കുമാർ വി.കെ. പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button