ഇന്ന് ലോക പോളിയോ ദിനം

ഇന്ന് ഒക്ടോബർ 24, ലോക പോളിയോ ദിനം. പോളിയോ തുള്ളിമരുന്ന് ഓരോ കുഞ്ഞിന്റെയും അവകാശമാണ്. വൈകല്യങ്ങളില്ലാത്ത പുതുതലമുറക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനമാണ് ഓരോ പോളിയോ ദിനവും.

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിയാത്ത ജീവകണങ്ങളാണ് വൈറസുകൾ. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണാൻ സാധിക്കില്ല.

പോളിയോവൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗമാണ് പോളിയോ മെലിറ്റസ്. ലത്തീനിൽ വിഷം എന്നാണ് ഇതിനർത്ഥം.

ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്‌പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്ന് അർത്ഥം വരുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് പോളിയോ മെലിറ്റസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.

എന്താണ് പോളിയോ?

പോളിയോ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന അസുഖമാണ് പോളിയോ മെലിറ്റസ് അഥവാ പോളിയോ. ഇൻഫന്റൈൽ പരാലിസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്.

രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെ വൈറസ് പുറത്തത്തി, ആ വിസർജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം എന്നിവ മറ്റൊരു വ്യക്തി കഴിക്കാൻ ഇടവരുമ്പോഴാണ് രോഗം പടരുന്നത്.

എന്താണ് വാക്സിൻ?

ഒരു നിശ്ചിത രോഗത്തിനെതിരെ ശരീരത്തിന്റെ പ്രധിരോധ ശേഷി കൂട്ടുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്ന് പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുവിനെ തന്നെ ഉപയോഗിക്കുക എന്നത് തന്നെയാണ് വാക്സിനേഷന്റെ തത്വം. ജീവനുള്ളതും ഇല്ലാത്തതുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗിക്കുന്നുണ്ട്.

പോളിയോ വാക്സിൻ വഴി പോളിയോ നിർമാർജനം ഫലപ്രദമാണ്. ഈ രോഗം വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പടരുന്നത് തടയാൻ വാക്സിനുകൾ സഹായിക്കുന്നു.

നിർജീവമായ പോളിയോ വൈറസുകളെയാണ് വാക്സിനായി ഉപയോഗിക്കുന്നത്. IPV (inactivated polio vaccine ).

വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി രക്തത്തിൽ കടന്ന് കേന്ദ്ര നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്നു. പ്രധിരോധ മരുന്ന് വായിലൂടെ തുള്ളികളായിട്ടാണ് കുട്ടികൾക്ക് കൊടുക്കുന്നത്.

പ്രതിരോധം

1952ൽ ജോനസ് സാൽകാണ് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചത്. 1955ൽ ഏപ്രിൽ 12നു അദ്ദേഹം അത് പ്രഖ്യാപിച്ചു. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു.

ആൽബർട്ട് സബിൻ വായിൽ കൊടുക്കാനുള്ള തുള്ളിമരുന്ന് കണ്ടുപിടിച്ചു. 1957ൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുവാദം ലഭിച്ചു. 1962ൽ ലൈസൻസും ലഭിച്ചു.

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയും മറ്റു പലരാജ്യങ്ങളും പോളിയോ ഭീതിയിലായിരുന്നു. 1988 ലോക പോളിയോ നിർമാർജനം തുടങ്ങുന്ന ഘട്ടത്തിൽ ലോകമാകെ രോഗം പടർന്നു.

125രാജ്യങ്ങളിൽ ഒരു ദിവസം 1000കുട്ടികൾക്കെന്ന കണക്കിൽ രോഗം പടരുകയായിരുന്നു. അവിടെനിന്ന് തുടങ്ങിയ യത്നം 2011ൽ ആഗോളതലത്തിൽ 620എന്ന തലത്തിൽ എത്താൻ കഴിഞ്ഞു.

ഇന്ത്യയിൽ 2005 മുതലുള്ള കേസുകൾ ഇങ്ങനെ: 2005ൽ 66, 2006ൽ 676, 2007ൽ 874, 2008ൽ 559, 2009ൽ 741, 2010ൽ 42, 2011ൽ 1. കുട്ടികളുടെ കുടലിലാണ് പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് വസിക്കുന്നത്.

ഒരേ ദിവസം എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു ലഭിക്കുന്നതു വഴി കുട്ടികളുടെ കുടലിൽ വാക്സിന്‍ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

പോളിയോ രോഗം റിപ്പോര്ട്ട് ചെയ്തിട്ടുള്ള, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നും വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ ഇപ്പോഴും പോളിയോ നിർമ്മാർജ്ജന യജ്ഞം നടത്തുന്നത്.

ഇന്ത്യ പോളിയോ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും നാം ജാഗ്രതഉള്ളവരായി ഇരിക്കണം.

ഇന്നിന്റെ ഓർമയില്ലാ ബാല്യങ്ങളിലേക്ക് നാളെയുടെ ചുറുചുറുക്കുള്ള പൗരന്മാരെ വാർത്തെടുക്കാൻ പോളിയോ തുള്ളി മരുന്ന് ഉപയോഗപ്പെടുത്താൻ പൗരനെന്ന നിലക്ക് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

Exit mobile version