ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍തലത്തിൽ നടപ്പാക്കുന്നത്.
പല പദ്ധതികളും സേവനങ്ങളും വ്യക്തമായി അറിയാത്തതിനാല്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്.
2015ല്‍ നടത്തിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാരുണ്ട്.
40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച എല്ലാതരം ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
പ്രത്യേക പരിഗണനവിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാറിൻെറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരിചയപ്പെടാം.
പരിരക്ഷ പദ്ധതി
അടിയന്തരസാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്‍കുന്ന പദ്ധയാണിത്.
അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതിപ്രകാരം ധനസഹായം നല്‍കും.
അടിയന്തര സഹായമായതിനാല്‍ വരുമാനപരിധി ഒഴിവാക്കിയിട്ടുണ്ട്. 25,000 രൂപവരെ ജില്ല സാമൂഹികനീതി ഓഫിസര്‍ക്ക് അനുവദിക്കാം.
അതിന് മുകളിലുള്ള തുക അനുവദിക്കുന്നത് ജില്ല കലക്ടര്‍ ചെയര്‍മാനായുള്ള മോണിറ്ററിങ് കമ്മിറ്റിയാണ്.
സ്വാശ്രയ പദ്ധതി
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസികവെല്ലുവിളി നേരിടുന്ന മക്കളുള്ള മാതാവിന്/ രക്ഷിതാവിന് (സ്ത്രീകള്‍) സ്വയംതൊഴില്‍ ധനസഹായം അനുവദിക്കുന്ന പദ്ധിയാണിത്.
ഒറ്റത്തവണയായി 35,000 രൂപ ധനസഹായം അനുവദിക്കും. വരുമാനപരിധി ഒരുലക്ഷം രൂപയാണ്.
മാതൃജ്യോതി പദ്ധതി
കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
ഒരുമാസം 2000 രൂപ ക്രമത്തില്‍ 24 മാസം ധനസഹായം അനുവദിക്കും. ഒരുലക്ഷം രൂപയാണ് വരുമാനപരിധി.
ചികിത്സ ധനസഹായം
ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ ചെയ്യേണ്ടിവരുമ്പോള്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒറ്റത്തവണ ധനസഹായമായി പരമാവധി 5000 രൂപ അനുവദിക്കും.
വരുമാനപരിധി ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും നഗരപ്രദേശങ്ങളില്‍ 24,000 രൂപയുമാണ്. ചികിത്സയിലാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പരിണയം പദ്ധതി
ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും വിവാഹധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കും. വിവാഹത്തിന് ഒരുമാസം മുമ്പ് അപേക്ഷ നല്‍കണം. വരുമാനപരിധി 36,000 രൂപ.
വിദ്യാജ്യോതി പദ്ധതി
സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, യൂനിഫോം എന്നിവ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന.
വിദ്യാകിരണം പദ്ധതി
ഭിന്നശേഷിക്കാരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്ക് (മാതാവ്/പിതാവ്/രണ്ടുപേരും) വിഭ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കുട്ടികളെ നാല് വിഭാഗമായി തിരിച്ച് ഒരു അധ്യയനവര്‍ഷം 10 മാസത്തേക്ക് ധനസഹായം നല്‍കുന്നു.
അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയും ആറ് മുതല്‍ 10വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ് ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് 1000 രൂപയും ധനസഹായമായി നല്‍കും.
വിദ്യാലയമേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിക്കാം.
ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്
ഒന്നാം ക്ലാസ് മുതല്‍ പ്രഫഷനല്‍/ ബിരുദാനന്തര കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതിയാണിത്.
വരുമാനപരിധി 36,000 രൂപ. ഒരു അധ്യയനവര്‍ഷം 10 മാസത്തേക്ക് സ്‌കോളര്‍ഷിപ് അനുവദിക്കും.
നാലാം ക്ലാസ്‌വരെ പ്രതിമാസം 300 രൂപയും അഞ്ച് മുതല്‍ 10വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ് ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് 1000 രൂപയും പ്രതിമാസം നല്‍കും.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് പഠനസഹായിയെ വെക്കുന്നതിന് റീഡേഗ്‌സ് അലവന്‍സും അനുവദിക്കും.
വിജയാമൃതം പദ്ധതി
ബിരുദ-ബിരുദാനന്തര പ്രഫഷനല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.
ബിരുദ തത്തുല്യ കോഴ്‌സുകള്‍ക്ക് ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരെയും ബിരുദാനന്തര പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചവരെയുമാണ് അവാര്‍ഡിന് പരിഗണിക്കുക.
തുല്യത പരീക്ഷ എഴുതുന്നതിന് ധനസഹായം
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം പരീക്ഷാഫീസ്, കോഴ്സ് ഫീസ് എന്നിവ വകുപ്പ് നല്‍കുന്നു.
സാക്ഷരതാ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായം നല്‍കുന്നതിന് വരുമാനപരിധി നിശ്ചയിച്ചിട്ടില്ല.
സ്‌കോളര്‍ഷിപ് പദ്ധതി
ഓപണ്‍ യൂനിവേഴ്സിറ്റി, വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നീ മാര്‍ഗങ്ങളിലൂടെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതിയാണിത്.
കേരളത്തിനകത്തെ യൂനിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് അനുവദിക്കുക.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
മനോവെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാര്‍ക്ക് ചികിത്സക്ക് ചെലവ് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘നിരാമയ’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴിയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഒരുലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സച്ചെലവ് ലഭിക്കും.
പദ്ധതിയില്‍ ചേരുന്നതിന് ബി.പി.എല്‍ വിഭാഗക്കാര്‍ 250 രൂപയും എ.പി.എല്‍ വിഭാഗക്കാര്‍ 500 രൂപയും വിഹിതം അടക്കണം. കേരളത്തില്‍ ഈ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്.
വിവരങ്ങളറിയാം
സാമൂഹികനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും വകുപ്പിൻെറ sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ല സാമൂഹികനീതി ഓഫീസുകളിലും ലഭിക്കും.