എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: ജില്ലാതല ക്ലസ്റ്ററുകൾ വരുന്നു; നിയമനങ്ങൾ സുതാര്യമാകും

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ജില്ലാതല ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു. ഇതിൻ്റെ രൂപരേഖ തയാറായിക്കൊണ്ടിരിക്കുകയാണെന്നും 14 ജില്ലകളിലും ഈ സംവിധാനം നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓരോ ജില്ലകളിലെയും ഒഴിവുകൾ സംയോജിപ്പിച്ച് അർഹമായ സ്‌കൂളുകളിൽ അധ്യാപക ഒഴിവ് നികത്തും. കോടതി നിർദേശ പ്രകാരമുള്ള അനുപാതത്തിനനുസരിച്ച് നിയമനങ്ങൾ സുഗമമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഭിന്നശേഷി അധ്യാപക നിയമനം ജില്ലാ തല സമിതികൾ വഴി നടപ്പിലാക്കുന്നതിലൂടെ നിയമന നടപടികൾ സുതാര്യമാകുകയും വർഷങ്ങളായി തുടരുന്ന നിയമന പ്രതിസന്ധികൾക്ക് ഇതിലൂടെ ശാശ്വത പരിഹാരമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപ്രകാരമുള്ള നാല് ശതമാനം ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കപ്പെടും. ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ഉദ്യോഗാർഥികൾക്ക് അവരുടെ വീടിനോട് ഏറ്റവും അടുത്തുള്ള സ്‌കൂളുകളിൽ ജോലി ലഭിക്കാൻ മുൻഗണന ലഭിക്കും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള കൃത്യമായ ലിസ്റ്റ് ഉപയോഗിക്കുന്നതിനാൽ കോഴ വാങ്ങിയുള്ള നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കാനും കഴിയും.

ജില്ലാ സമിതികൾ നേരിട്ട് യോഗ്യത പരിശോധിക്കുന്നതിനാൽ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിലേക്ക് അതിവേഗം നിയമന ശുപാർശ നൽകാനാകും. ഭിന്നശേഷി സംവരണ തസ്‌തികകൾ നികത്താത്തതിനാൽ വർഷങ്ങളായി തടസ്സപ്പെട്ടിരുന്ന മറ്റ് പൊതുവിഭാഗം അധ്യാപകരുടെ നിയമന അംഗീകാരവും സ്ഥിരപ്പെടുത്തലും വേഗത്തിലാകും.

ജില്ലാ ക്ലസ്റ്റർ വഴി പരമാവധി ശ്രമിച്ചിട്ടും രണ്ട് വർഷമായിട്ടും ഭിന്നശേഷി വിഭാഗത്തിൽ നിന്നും ആളുകളെ ലഭിച്ചില്ലെങ്കിൽ, ആ തസ്‌തികകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി നിയമനം നടത്താൻ മാനേജർമാർക്ക് അവസരം ലഭിക്കും. അധ്യാപക ഒഴിവുകൾ കൃത്യസമയത്ത് നികത്തപ്പെടുന്നതിലൂടെ സ്‌കൂളുകളിലെ അധ്യയനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

മുൻപ് മാനേജ്‌മെൻ്റുകൾ നേരിട്ട് നടത്തിയിരുന്ന നിയമനങ്ങളിൽ സാമ്പത്തിക ഇടപാടുകളോ സ്വാധീനങ്ങളോ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആളുകൾ പ്രവേശിക്കാൻ സാധ്യതയുണ്ടായിരുന്നു. പുതിയ രീതിയിൽ പ്രത്യേക എംപ്ലോയ്‌മെൻ്റ് എക്‌സ്ചേഞ്ച് നൽകുന്ന മുൻഗണനാ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കുന്ന ജില്ലാ സമിതികളാണ് അർഹരായവരുടെ റാങ്ക് പട്ടിക തയാറാക്കുന്നത്. അതിനാൽ മാനേജർമാർക്ക് സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാൻ കഴിയില്ല. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റവന്യൂ/എംപ്ലോയ്‌മെൻ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഔദ്യോഗിക സമിതിയാണ് അപേക്ഷകരുടെ രേഖകൾ പരിശോധിക്കുക.

കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ സംവിധാനമായ യുഡിഐഡി കാർഡുകളും ഓൺലൈൻ വെരിഫിക്കേഷനും നിർബന്ധമാക്കുന്നതിലൂടെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ എളുപ്പമാകും. ഉദ്യോഗാർഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പിൻ്റെ ‘സമന്വയ’ സോഫ്റ്റ്‌വെയർ പോർട്ടൽ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ മുൻഗണനാ ക്രമം കർശനമായി പാലിക്കുന്നതിനാൽ യോഗ്യത മറികടന്ന് മറ്റൊരാൾക്ക് നിയമനം നൽകുന്നത് തടയാൻ ഈ സുതാര്യത സഹായിക്കും.

ജില്ലാ ക്ലസ്റ്റർ സംവിധാനം നിയമന പ്രക്രിയയെ സുതാര്യമാക്കുമെങ്കിലും, വ്യാജ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി സമ്പാദിച്ച് അപേക്ഷിക്കുന്നവരെ തിരിച്ചറിയുക എന്നത് ഈ സമിതിക്ക് എത്രമാത്രം എളുപ്പമാകും എന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം തട്ടിപ്പുകൾ തടയാൻ ജില്ലാ സമിതികളുടെ പരിശോധനയ്ക്ക് പുറമെ, നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥികളെ വീണ്ടുമൊരു സർക്കാർ മെഡിക്കൽ ബോർഡിൻ്റെ നേരിട്ടുള്ള പുനഃപരിശോധനയ്ക്ക് കൂടി വിധേയമാക്കേണ്ടി വരും. വ്യാജ ഭിന്നശേഷിക്കാർ നിരവധിയായി കടന്നു കൂടുന്നു എന്ന പരാതി അതിശക്തമായതോടെ വരും നാളുകളിലെങ്കിലും പരിശോധന കർശനമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button