ഫണ്ട് വിതരണം വൈകുന്നു: ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനവും ആനുകൂല്യങ്ങളും പ്രതിസന്ധിയിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ആദ്യഗഡുവായ 3,396 കോടി രൂപയുടെ വിതരണം വൈകുന്നതോടെ സംസ്ഥാനത്തെ ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനവും ഭിന്നശേഷി കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും തടസ്സപ്പെടുന്നു.

സംസ്ഥാനത്തെ 657 ബഡ്‌സ് സ്കൂളുകളിലും ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളിലുമായി (ബിആർസി) പരിശീലനം നേടുന്ന 22,130 കുട്ടികളെയാണ് ഈ സാഹചര്യം നേരിട്ട് ബാധിച്ചിരിക്കുന്നത്. ഗൃഹാന്തരീക്ഷത്തിൽ പഠനം നടത്തുന്ന കിടപ്പുരോഗികളായ കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

ഫണ്ട് ലഭ്യമാകാത്തത് ഭിന്നശേഷി കുട്ടികളുടെ പുനരധിവാസം, സാന്ത്വന പരിചരണം, അങ്കണവാടികളിലെ പോഷകാഹാര വിതരണം എന്നിവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 28,500 രൂപവരെയാണ്‌ ഒരു കുട്ടിക്ക്‌ വർഷം കിട്ടിയിരുന്നത്‌.

തദ്ദേശഫണ്ട് നിലച്ചതോടെ ബഡ്‌സ്‌ സ്‌ക‍‍ൂളുകളിലെ മിക്ക ജീവനക്കാർക്കും മാസങ്ങളായി ശന്പളമില്ല. കുടുംബശ്രീക്കാണ്‌ ബഡ്‌സ്‌ സ്‌കൂളുകളുടെയും ബിആർസികളുടെയും നടത്തിപ്പ്‌ ചുമതലയെങ്കിലും ചെലവ്‌ വഹിക്കുന്നത്‌ തദ്ദേശസ്ഥാപനങ്ങളാണ്‌.

കെട്ടിടങ്ങളുടെ വാടകയും സ്‌പെഷ്യൽ അധ്യാപകർ, തെറാപ്പിസ്‌റ്റുകൾ, ആയ, അസിസ്‌റ്റന്റ്‌, കുക്ക്‌, ഡ്രൈവർ എന്നിവരുടെ പ്രതിഫലവും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽനിന്നാണ്‌ നൽകുക. 2026–27 സാന്പത്തിക വർഷത്തേക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫണ്ട്‌ ലഭിക്കാത്തതിനാൽ ഇവ നടപ്പാക്കാനായിട്ടില്ല.

സ്‌പെഷ്യൽ ടീച്ചർക്ക്‌ മാസം 32,500 രൂപയാണ്‌ പ്രതിഫലം. അസി. ടീച്ചർ 24,520, ആയ 18,390, ഓഫീസ്‌ അസിസ്‌റ്റന്റ്‌, ഡ്രൈവർ 22130 രൂപ എന്നിങ്ങനെയാണ്‌ മാസം തദ്ദേശസ്ഥാപനം നൽകുന്നത്‌. ഫിസിയോ, ഒക്യുപേഷൻ, സ്‌പീച്ച്‌ തെറാപ്പിസ്‌റ്റുകൾക്ക്‌ 1370 രൂപയും കുക്കിന്‌ 657 രൂപയുമാണ്‌ ദിവസവേതനം.

ഗ്രാമപഞ്ചായത്തുകൾക്ക്‌ സഹായമായി ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളും പദ്ധതി തയ്യാറാക്കാൻ സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. വീൽചെയർ, ഹിയറിങ്‌ എയ്‌ഡ്‌ പോലുള്ള സഹായ ഉപകരണങ്ങൾ നൽകാനുള്ള പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നുണ്ട്‌. ഇവയും മുടങ്ങിയ അവസ്ഥയിലാണ്‌.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button