മലപ്പുറത്ത് ‘ഡിസബിലിറ്റി വില്ലേജ്’ പദ്ധതിക്ക് തുടക്കം

മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിൽ ഒരുങ്ങുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ (ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജ്) ഒന്നാംഘട്ട നിർമ്മാണത്തിന് തുടക്കമായി.
ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് നടന്ന ചടങ്ങിൽ സാമൂഹ്യനീതി-ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
ആകെ 65 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 5.32 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. ഒന്നര വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്.
അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫീസ്, കോൺഫറൻസ് ഹാൾ, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം, ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ പാർക്ക്, റോഡുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. പദ്ധതിയുടെ ശേഷിക്കുന്ന ഘട്ടങ്ങൾ പൂർത്തിയാക്കാൻ നബാർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായ സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തും.
ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കയ്ക്ക് ശാശ്വത പരിഹാരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തന്നെ വെല്ലുവിളികൾ കണ്ടെത്തുന്ന ഏർലി ഇന്റർവെൻഷൻ, സർജിക്കൽ കറക്ഷൻ, വിദഗ്ധ തെറാപ്പികൾ, തുടർവിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ ഒരൊറ്റ സംവിധാനത്തിന് കീഴിൽ ലഭ്യമാക്കും.
കുട്ടികളെ ഡേ കെയർ സെന്ററിൽ എത്തിക്കുന്ന രക്ഷിതാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യത്തെ മാതൃകാ ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജാണ് മലപ്പുറം ജില്ലയിലെ ചുങ്കത്ത് ഒരുങ്ങുന്നതെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണനയിലാണ് മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയിൽ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കുമെന്നും ഇതിന്റെ ഡി.പി.ആർ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മറ്റ് രണ്ട് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര തുടങ്ങിയവർ പങ്കെടുത്തു.



