ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ മാതാവിനെയോ പിതാവിനെയോ സംരക്ഷിക്കുന്ന കേരള സർക്കാർ ജീവനക്കാർക്കും പൊതുസ്ഥലംമാറ്റത്തിൽ ഇളവും പരിരക്ഷയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഒക്ടോബർ 14 ന് പുറപ്പെടുവിച്ച സ.ഉ. (അച്ചടി) നം. 18/2026/P&ARD ഉത്തരവിലാണ് വ്യവസ്ഥ ഉൾപ്പെടുത്തിയത്.

സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിച്ച 2017 ഫെബ്രുവരി 25 ലെ സ.ഉ. (പി) നം. 3/2017/ഉഭപവ ഉത്തരവിലെ ഖണ്ഡിക 4(iii) ഭേദഗതി ചെയ്താണ് പുതിയ തീരുമാനം.

നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ഭിന്നശേഷിക്കാരായ മക്കൾ, ജീവിതപങ്കാളി, സഹോദരി, സഹോദരൻ എന്നിവരെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ പരിരക്ഷയോ ഇളവോ അനുവദിച്ചിരുന്നു. എന്നാൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നില്ല.

80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള 78 വയസ്സുള്ള അരവിന്ദാക്ഷൻ പിള്ള സി.എം.ഒ (CMO) പോർട്ടൽ മുഖേന നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാരിന്റെ നിർണ്ണായക തീരുമാനം.

ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിലുള്ള ഉത്തരവിൽ ഭിന്നശേഷിയുള്ള മാതാവിനെയോ പിതാവിനെയോ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് ആവശ്യമായ പരിചരണം, ചികിത്സ, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിന് മക്കളുടെ സാന്നിധ്യം പലപ്പോഴും അനിവാര്യമാണ്. ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്നത് മാതാപിതാക്കളുടെ പരിചരണത്തെയും ചികിത്സയെയും പ്രതികൂലമായി ബാധിക്കുമെന്ന സാഹചര്യം കൂടി പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലുണ്ട്.

ഉത്തരവിൽ നിലവിലുള്ള മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button