ഭിന്നശേഷിക്കാര്ക്ക് യു.ഡി.ഐ.ഡി കാര്ഡും മെഡിക്കല് സര്ട്ടിഫിക്കറ്റും; പ്രത്യേക ക്യാമ്പുകള് സംഘടിപ്പിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്ക്കുള്ള യു.ഡി.ഐ.ഡി കാര്ഡും മെഡിക്കല് സര്ട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന് നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുള് ഗഫൂര്.
അക്ഷയ കേന്ദ്രങ്ങള് വഴി അപേക്ഷ നല്കാന് ബുദ്ധിമുട്ടുന്നവര്ക്ക് നേരിടുന്ന സാമ്പത്തിക ബാധ്യതയും യാത്രാക്ലേശവും ഒഴിവാക്കാന് ജില്ലാ തലത്തില് പ്രത്യേക മെഡിക്കല് ക്യാമ്പുകള് സംഘടിപ്പിക്കുന്നത് പരിഗണിക്കുമെന്നും നിയമസഭയില് കല്ലട്ര മാഹിന്, എം.എ. റസാഖ് മാസ്റ്റര്, എം. റഹ്മത്തുള്ള, എ.കെ.എം അഷ്റഫ് എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴി ഭിന്നശേഷിക്കാര്ക്ക് വിതരണം ചെയ്യുന്ന മുച്ചക്ര വാഹനങ്ങള് ലഭിക്കുന്നതിനുള്ള ലൈസന്സ് പ്രതിസന്ധികള് പരിഹരിക്കാന് ഗതാഗത വകുപ്പുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കും.
വിവിധ യാത്രാ ആനുകൂല്യങ്ങള്ക്കായി യു.ഡി.ഐ.ഡി കാര്ഡ് ഏകീകൃത രേഖയായി പരിഗണിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് സി.കെ. കാസിം, മനോജ് മൂത്തേടന്, കെ.കെ. രമ, പി.എ. മുഹമ്മദ് റിയാസ്, സജി ജോസഫ്, വിദ്യാബാലകൃഷ്ണന് തുടങ്ങിയവരുടെ ചോദ്യങ്ങള്ക്ക് മന്ത്രി മറുപടി നല്കി.
ബഡ്സ് സ്കൂളുകളില് പഠിക്കുന്ന കുട്ടികള്ക്ക് നിശ്ചിത പ്രായം കഴിഞ്ഞാല് തുടര്ന്നുള്ള സംരക്ഷണത്തിനായി കൂടുതല് കേന്ദ്രങ്ങള് ആരംഭിക്കുന്ന കാര്യം സര്ക്കാരിന്റെ പരിഗണനയിലാണ്. നിലവില് ഇവര്ക്കായി വകുപ്പിന് കീഴില് മൂന്ന് കേന്ദ്രങ്ങളാണുള്ളത്. ഭിന്നശേഷി കുട്ടികള് പഠിക്കുന്ന വിദ്യാലയങ്ങള്ക്ക് എയ്ഡഡ് പദവി നല്കുന്നതും ഗ്രാന്റുകള് വര്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള് പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സി.ഡി.എം.ആര്.പി പദ്ധതി പുനഃക്രമീകരണത്തോടെ തുടരുമെന്ന് ടി.വി ഇബ്രാഹിമിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള് ചൂണ്ടിക്കാട്ടി ഫാത്തിമ തെഹ്ലിയ ഉന്നയിച്ച ചോദ്യത്തിന്, അടുത്തിടെ പ്രഖ്യാപിച്ച ‘അന്പുവീട്’ പദ്ധതി ഇതിനൊരു പരിഹാരമാണെന്ന് മന്ത്രി മറുപടി നല്കി.



