ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability pride month).

‘ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: എല്ലാവർക്കും അനുയോജ്യമായ തൊഴിലിടങ്ങളുടെ നിർമ്മിതി’ (Building Inclusive Workplaces for Persons with Disabilities) എന്ന തലക്കെട്ടിൽ ലാബ് ഗവേഷകയായ പുഷ്നാമി കസ്തൂരെയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ വിവിധ കമ്പനികളിൽ സേവനമനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർ, എച്ച്.ആർ. ഉദ്യോഗസ്ഥർ, ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ സഹായിക്കുന്ന വിദഗ്ധർ, ആർക്കിടെക്റ്റുകൾ, വൈവിധ്യവും ഉൾക്കൊള്ളലും (Diversity, Equity & Inclusion) ഉറപ്പാക്കുന്ന കൺസൾട്ടന്റുകൾ എന്നിവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഭൗതിക സൗകര്യങ്ങളായ റാംപുകൾ, സവിശേഷമായ ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കുന്നതിൽ ഇന്ത്യൻ സ്ഥാപനങ്ങൾ മുൻപന്തിയിലെത്തിയിട്ടുണ്ടെങ്കിലും, പുറമെ പ്രകടമല്ലാത്ത നിരവധി വെല്ലുവിളികൾ ഭിന്നശേഷിക്കാർ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഡിജിറ്റൽ സോഫ്റ്റ്‌വെയറുകളിലെ പ്രവേശനക്ഷമതക്കുറവ്, തൊഴിൽ സംസ്കാരത്തിലെ അസഹിഷ്ണുത തുടങ്ങിയവയാണ് പ്രധാന പ്രതിസന്ധികൾ.

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ (IBEF) കണക്കുകൾ പ്രകാരം രാജ്യത്തുള്ള മൂന്ന് കോടിയോളം വരുന്ന ഭിന്നശേഷിക്കാരിൽ വെറും 11.3 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ജോലിയുള്ളത്. തൊഴിലെടുക്കാൻ പ്രാപ്തിയുള്ള ഭിന്നശേഷിക്കാരിൽ 70 ശതമാനത്തോളം പേരും ഇപ്പോഴും തൊഴിൽരഹിതരായി തുടരുകയാണെന്ന ആശങ്കാജനകമായ കണക്കും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗോദ്‌റെജ് ഡിഇഐ ലാബ് മേധാവി പരമേഷ് ഷഹാനി റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗവേഷണ റിപ്പോർട്ടിന്റെ പൂർണ്ണരൂപം www.godrejdeilab.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button