കെഎസ്ആര്‍ടിസിയിലെ ഭിന്നശേഷി യാത്രാ ഇളവിനുള്ള വരുമാനപരിധി ഉയർത്തി

കെഎസ്ആര്‍ടിസി ബസുകളിൽ ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന യാത്രാ ഇളവിനുള്ള വാർഷിക വരുമാനപരിധി ഇരട്ടിയാക്കി ഉയർത്തി. നിലവിലുണ്ടായിരുന്ന 20,000 രൂപ എന്നത് 40,000 രൂപയായാണ് വർധിപ്പിച്ചത്. ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്.

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2024 ലെ ഗതാഗത വകുപ്പിൻറെ ഉത്തരവുപ്രകാരം വരുമാനപരിധി 20,000 രൂപയായി നിശ്ചയിച്ചത് ഭിന്നശേഷിക്കാർക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഈ വ്യവസ്ഥയിലെ അപ്രായോഗികതയും ഭിന്നശേഷിക്കാർ നേരിടുന്ന ദുരിതവും ഗതാഗത വകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകുന്ന ക്ഷേമപെൻഷൻ പ്രതിമാസം 2,000 രൂപ വരെയാണ്. ഈ തുക മാത്രം വാർഷികാടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽത്തന്നെ 20,000 രൂപയ്ക്കു മുകളിലാകും.

യാത്രാ പാസ് പുതുക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനുവേണ്ടി വിലേജ് ഓഫീസുകളെ സമീപിച്ചപ്പോഴാണ് ഭിന്നശേഷിക്കാർ പ്രതിസന്ധിയിലായത്. സർക്കാർ നൽകുന്ന പെൻഷൻ തുക വരുമാനമായി ചൂണ്ടിക്കാട്ടി, 20,000 രൂപയിൽ താഴെയുള്ള സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വല്ലേജ് അധികൃതർ.

സർക്കാർ നൽകുന്ന ഒരാനുകൂല്യം കൈപ്പറ്റുന്നത് മറ്റൊരാനുകൂല്യം നിഷേധിക്കാൻ കാരണമാകുന്നത് വലിയ അനീതിയാണെന്ന് പരാതിയുയർന്നിരുന്നു. സ്വന്തമായി മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തതവരും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മറ്റു ജോലികൾക്ക് പോകാൻ കഴിയാത്തവരുമായ നൂറുകണക്കിന് അർഹരായ ഭിന്നശേഷിക്കാർക്കാണ് ഇതു മൂലം പാസ് നിഷേധിക്കപ്പെട്ടത്.

തുടർന്നാണ്, വരുമാനപരിധി യാഥാർഥ്യബോധത്തോടെ ഉയർത്തണമെന്ന ആവശ്യം ശക്തമായത്. വരുമാനപരിധി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അർഹരായ ഭിന്നശേഷിക്കാർക്ക് പാസിന് അപേക്ഷിക്കുന്നതിൽ ഇനി തടസ്സമുണ്ടാകില്ലെന്നും മന്ത്രി നിയസഭയെ അറിയിച്ചു.

എന്നാൽ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പിലാക്കിയ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി മാതൃകയില്‍, സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കരുതലും പിന്തുണയും അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെകൂടി പൂര്‍ണ്ണ സൗജന്യ യാത്രാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭിന്നശേഷി കൂട്ടായ്‌മ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button