യുഡിഐഡി സർട്ടിഫിക്കറ്റ് വൈകുന്നു; 34,167 ഭിന്നശേഷിക്കാർ ദുരിതത്തിൽ

ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന് (യുഡിഐഡി) അപേക്ഷ നൽകി മാസങ്ങളായിട്ടും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ 34,167 ഭിന്നശേഷിക്കാർ.
ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയവരുമുണ്ട്. സ്‌കൂൾ പ്രവേശനത്തിന് ഭിന്നശേഷി സർട്ടിഫിക്കറ്റ് നിർബന്ധമല്ലെങ്കിലും സർക്കാർ നൽകുന്ന സ്‌കോളർഷിപ്പുകൾ, യാത്രാ ആനുകൂല്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഭിന്നശേഷി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.
കൂടാതെ ഭിന്നശേഷി സംവരണം, സ്‌കൂളുകളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കൽ, വ്യക്തിഗത പഠനപദ്ധതി, പ്രത്യേക അദ്ധ്യാപക സഹായവും പഠനപിന്തുണ എന്നിവ ഉറപ്പാക്കാനും ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ജൂണോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ തീർപ്പുണ്ടാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി.
കോഴിക്കോട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് 7,925, മലപ്പുറം 4,229, തിരുവനന്തപുരം, 4,001, കൊല്ലം 2,622 എന്നിങ്ങനെ.
അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യുഡിഐഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകേണ്ടത്. ജില്ലാ, താലൂക്ക്, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡുകൾ ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.
അസ്ഥിരോഗം, ഇഎൻടി, നേത്രരോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാവുക.
സർക്കാർ ആശുപത്രികളിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തതാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രധാന തടസ്സം.
സംസ്ഥാനത്തെ 106 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. മാസങ്ങൾ കൂടുമ്പോൾ മാത്രം മെഡിക്കൽ ബോർഡുകൾ ചേരുന്ന ആശുപത്രികളുമുണ്ട്.
മിക്ക മെഡിക്കൽ കോളേജുകളിലും ഏറെകാലതാമസമെടുക്കുന്നുണെന്ന ആക്ഷേപമുണ്ട്. പകർച്ചവ്യാധികളുടെ കാലമായതിനാൽ രോഗികളുടെ ബാഹുല്യംമൂലം ഒപികൾ കൈകാര്യം ചെയ്യാൻ തന്നെ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന പാനലിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
തീർപ്പാക്കാനുള്ള അപേക്ഷകൾ
| ജില്ല | എണ്ണം |
| തിരുവനന്തപുരം | 4001 |
| കൊല്ലം | 2622 |
| ആലപ്പുഴ | 1588 |
| കോട്ടയം | 1950 |
| ഇടുക്കി | 1672 |
| പത്തനംതിട്ട | 816 |
| എറണാകുളം | 856 |
| തൃശൂർ | 2109 |
| പാലക്കാട് | 2640 |
| മലപ്പുറം | 4229 |
| കോഴിക്കോട് | 7925 |
| വയനാട് | 255 |
| കണ്ണൂർ | 1675 |
| കാസർകോട് | 1857 |



