യു.ഡി.ഐ.ഡി. രജിസ്ട്രേഷൻ മന്ദഗതിയിൽ; അപേക്ഷിക്കാത്തവരെ കണ്ടെത്താൻ നിർദ്ദേശം

ഭിന്നശേഷി സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി.) നിർബന്ധമാക്കുമെന്ന് സർക്കാർ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും രജിസ്റ്റർ ചെയ്യാത്തവർ ഇനിയുമേറെ.
2026 ഫെബ്രുവരി 15-നകം സംസ്ഥാനതല യു.ഡി.ഐ.ഡി. രജിസ്ട്രേഷൻ പൂർത്തീകരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പലതവണ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടും കുടുംബശ്രീ മുഖേനയുള്ള പ്രചാരണങ്ങൾ നടത്തിയിട്ടും രജിസ്റ്റർ ചെയ്യാത്തവർ ഇനിയുമുണ്ടെന്നാണ് കണ്ടെത്തൽ. രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷിക്കാരെ കണ്ടെത്താനും വരാത്തതിന്റെ കാരണം അന്വേഷിക്കാനും കളക്ടർമാർക്ക് സാമൂഹികനീതിവകുപ്പ് നിർദേശം നൽകി.
2015-ലെ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാരാണുള്ളത്. ജൂലായ് അവസാന ആഴ്ചത്തെ കണക്കുപ്രകാരം 5,17,871 അപേക്ഷകൾ ഇതുവരെ യു.ഡി.ഐ.ഡി. പോർട്ടലിലേക്ക് ലഭിച്ചിട്ടുണ്ട്. 2,79,138 ഭിന്നശേഷിക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. അപേക്ഷിച്ചവരിൽ 4,41,105 പേർക്കും യു.ഡി.ഐ.ഡി. കാർഡ് അനുവദിച്ചുകഴിഞ്ഞു.
എല്ലാ ഭിന്നശേഷി സേവനങ്ങക്കും ആനുകൂല്യങ്ങൾക്കും അടിസ്ഥാനരേഖയായി യുണിക് ഡിസെബിലിറ്റി കാർഡ് നിർബന്ധമാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിപ്രകാരമാണ് യു.ഡി.ഐ.ഡി. കാർഡുകൾ അനുവദിക്കുന്നത്. ഇതിനാൽ മുഴുവൻ പേർക്കും കാർഡ് നൽകാതെ പദ്ധതി പൂർത്തീകരിക്കാനാവാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ.
വിദഗ്ധ ഡോക്ടർമാരുടെ കുറവും ചില ജില്ലകളിൽ മെഡിക്കൽ ബോർഡുകളുടെ പരിമിതിയും പദ്ധതിക്ക് തടസ്സമായിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം ഉടനെ പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണമെന്നാണ് നിഗമനം. ഇതിനാൽ രജിസ്ട്രേഷൻ ചെയ്യാത്തവരുടെ കാരണം തരംതിരിച്ച് കണ്ടെത്തണം.
കളക്ടർമാരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രത്യേക അവലോകനയോഗങ്ങൾ ചേർന്ന് പുരോഗതി വിലയിരുത്തണം. രജിസ്ട്രേഷൻ ക്യാമ്പുകൾ സജീവമാക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്താനും ആവശ്യമെങ്കിൽ വീടുകളിലെത്തി ഭിന്നശേഷിക്കാരെ രജിസ്റ്റർ ചെയ്യിപ്പിക്കാനും നടപടികളുണ്ടാകും.



