കെട്ടിടങ്ങളിൽ ഭിന്നശേഷി സൗകര്യങ്ങൾ ഉറപ്പാക്കണം; പരിശോധന കർശനമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധന കർശനമാക്കുന്നു.

കെട്ടിട നിർമ്മാണ പ്ലാനുകളിൽ റാംപ്, ഭിന്നശേഷി സൗഹൃദ ശുചിമുറി, ലിഫ്റ്റ്, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ കാണിച്ച് അനുമതി നേടുകയും, പിന്നീട് ഇവ നിർമ്മിക്കാതിരിക്കുകയോ പൊളിച്ചുമാറ്റി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടി.

ഇത്തരം നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശങ്ങൾ. പ്ലാനിൽ കാണിച്ച സൗകര്യങ്ങൾ നീക്കം ചെയ്താൽ കെട്ടിട ഉടമകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന് വിരുദ്ധമായാണ് പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്.

ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുമ്പ് ഇത്തരം സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ചട്ടം 21 പ്രകാരം നിർബന്ധമായും ‘പോസ്റ്റ് ഒക്കുപ്പൻസി ഓഡിറ്റ്’ നടത്താൻ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകും. കൂടാതെ സംസ്ഥാനതലത്തിൽ സുതാര്യമായ ആക്സസിബിലിറ്റി ഓഡിറ്റുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

2019-ലെ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 2025-ൽ വന്ന പുതിയ ഭേദഗതികൾ എന്നിവ പ്രകാരം കെട്ടിടങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങൾ:

ബാധകമായ കെട്ടിടങ്ങൾ: പൊതുജനങ്ങൾക്ക് പ്രവേശനമുള്ള വാണിജ്യ-പൊതു കെട്ടിടങ്ങൾക്കും, അപ്പാർട്ട്മെന്റുകൾക്കും, 2025-ലെ ഭേദഗതി പ്രകാരം വ്യവസായ കെട്ടിടങ്ങൾക്കും ഈ നിയമം ബാധകമാണ്.

തടസ്സരഹിത പ്രവേശനം (Ramp): പ്രധാന കവാടത്തിലേക്ക് പരമാവധി 1:12 ചരിവിൽ റാംപ് നിർമ്മിക്കണം. ഇതിന് 120 സെന്റീമീറ്റർ വീതിയും, ഇരുവശങ്ങളിലും 80 സെ.മീ ഉയരത്തിൽ കൈവരികളും വേണം. പ്രതലം വഴുതിവീഴാത്ത രീതിയിലായിരിക്കണം.

ഭിന്നശേഷി സൗഹൃദ ശുചിമുറി: കെട്ടിടത്തിന്റെ പ്രധാന തറനിരപ്പിൽ (Main Entrance floor) തന്നെ കുറഞ്ഞത് ഒരു പ്രത്യേക ശൗചാലയം (1.50 x 1.75 മീറ്റർ) ഉണ്ടായിരിക്കണം. പുറത്തേക്ക് തുറക്കുന്നതോ സ്ലൈഡിംഗ് രീതിയിലുള്ളതോ ആയ വാതിലും, അടിയന്തര സാഹചര്യങ്ങളിൽ പുറത്തുനിന്ന് തുറക്കാവുന്ന ലോക്കുകളും നിർബന്ധമാണ്. ക്ലോസറ്റ് സീറ്റിന് തറയിൽ നിന്ന് 50 സെ.മീ ഉയരം വേണം.

ലിഫ്റ്റുകൾ: 1000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള പൊതു കെട്ടിടങ്ങളിലും 2500 ചതുരശ്ര മീറ്ററിലേറെയുള്ള അപ്പാർട്ട്മെന്റുകളിലും ഓരോ നിലയിലേക്കും ലിഫ്റ്റോ റാമ്പോ ഉണ്ടായിരിക്കണം. ലിഫ്റ്റിന് നിശ്ചിത വീതിയും ആഴവും ആവശ്യമാണ്.

പാർക്കിംഗ് സൗകര്യം: ആകെ പാർക്കിംഗ് ഏരിയയുടെ 3 ശതമാനം (കുറഞ്ഞത് ഒരു കാർ പാർക്കിംഗ്) ഭിന്നശേഷിക്കാർക്കായി പ്രധാന കവാടത്തിന് അടുത്ത് തന്നെ മാറ്റിവെക്കണം. ഇതിന് 3.6 മീറ്റർ വീതിയുണ്ടായിരിക്കണം.

മറ്റ് നിബന്ധനകൾ: ലോഡ്ജുകളിൽ ഓരോ 25 മുറികളിലും ഒരെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിക്കണം. നടപ്പാതകളിൽ തടസ്സങ്ങളോ വെള്ളം ഒഴുകിപ്പോകാനുള്ള ഗ്രേറ്റുകളോ പാടില്ല. സൗകര്യങ്ങൾ തിരിച്ചറിയാൻ കൃത്യമായ ദിശാസൂചകങ്ങൾ (Signages) സ്ഥാപിക്കണം. തറനിരപ്പിൽ നിന്ന് 2.1 മീറ്റർ ഉയരം വരെ തള്ളിനിൽക്കുന്ന നിർമ്മാണങ്ങളും ഒഴിവാക്കണം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button