ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ ആക്‌സസിബിലിറ്റി ടെസ്റ്റിങ് സിസ്റ്റം വികസിപ്പിച്ച് കാഴ്ചപരിമിതനായ യുവാവ്

കോഴിക്കോട്: തിരുത്തലുകളുടെ കഥയാണ് നൗഷാദിന്റേത്. കാഴ്ചപരിമിതനെന്ന പരിവേഷവും സൈബറിടത്തെ മാറ്റിനിർത്തലുകളുമെല്ലാം അദ്ദേഹം തിരുത്തിയെഴുതി. ഇപ്പോഴിതാ, ഡിജിറ്റൽ ലോകത്തും തിരുത്തലിന് ഒരുങ്ങുകയാണ് ഈ പത്തനംതിട്ട സ്വദേശി. വെബ്‌സൈറ്റ്, പി.ഡി.എഫ്. എന്നിവപോലെയുള്ള ഡിജിറ്റൽ ഫയലുകളും എത്രമാത്രം ഭിന്നശേഷി സൗഹൃദമാണെന്ന് കണ്ടെത്തുന്ന ഡിജിറ്റൽ ആക്‌സസിബിലിറ്റി ടെസ്റ്റിങ് സിസ്റ്റമാണ് ജന്മനാകാഴ്ച പരിമിതനായ നൗഷാദ് വികസിപ്പിച്ചത്.
കാഴ്ച-കേൾവി പരിമിതർക്ക് സ്വതന്ത്രമായ വെബ് ഉപയോഗം ബാലികേറാമലയാണ്. പലപ്പോഴും ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പേരില്ലാത്ത കീകളോ സ്‌ക്രീൻ റീഡറുകൾക്ക് തിരിച്ചറിയാനാവില്ല. സബ്‌ടൈറ്റിലുകളില്ലാത്ത നിർദേശവീഡിയോകൾ കേൾവിപരിമിതർക്ക് ഉപയോഗപ്രദമല്ല. ഭിന്നശേഷിസൗഹൃദമല്ലാത്ത ഇത്തരം തടസ്സങ്ങളെ കണ്ടെത്തി വെബ് ലോകം എല്ലാവർക്കുമായി തുറന്നിടുകയാണ് നൗഷാദിന്റെ ലക്ഷ്യം.
സോഫ്റ്റ്‌വേർ ഡിവലപ്പർകൂടിയായ ഇദ്ദേഹം എച്ച്.സി.എൽ. ടെക്‌നോളജിയിലെ സീനിയർ ആക്‌സസിബിലിറ്റി ടെസ്റ്ററാണ്. ഇവിടെ ജോലിക്ക് കയറിയശേഷമാണ് സ്വന്തമായി ഒരു ആക്‌സസിബിലിറ്റി ടെസ്റ്റിങ് സോഫ്റ്റ്‌വേർ എന്ന ആശയം ഉദിക്കുന്നത്.
രണ്ടുകൂട്ടുകാർക്കൊപ്പംചേർന്ന് ഈ ആശയവുമായി മത്സരിച്ച് വോയിസ് മിഷൻ അവാർഡ് നേടി. ഇതിലൂടെ 10 ലക്ഷം രൂപയുടെ ലോണിന് അർഹനായെങ്കിലും പ്രോജക്ട് മുന്നോട്ടുപോയില്ല. പിന്നെ പത്തുവർഷം ജോലിക്കൊപ്പംതന്നെ നടത്തിയ കഠിനാധ്വാനമാണ് ‘പോമിലാബ് ആക്‌സസിബിലിറ്റി ഇൻഫറൻസ് എൻജിൻ’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വേർ.
ട്രയൽറൺ നടത്താനുള്ള സെർവർ പോലുമില്ലാതെയായിരുന്നു സാഹസം. ഒടുവിൽ സുഹൃത്തിന്റെ സഹായത്തോടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് സെർവറിൽ നിരന്തരം നടത്തിയ ട്രയലുകളിലൂടെ ലക്ഷ്യസാഫല്യം. ഇനി നൗഷാദിന് ആവശ്യം പോമിലാബിനെ വാണിജ്യവത്കരിക്കാനും വികസിപ്പിക്കാനുമായി നിക്ഷേപകരുടെയും അക്കാദമികവിദഗ്ധരുടെയും സഹകരണവും പിന്തുണയും മാത്രം.
ഇത്തരം സോഫ്റ്റ്‌വേറുകൾ ഏറെയുണ്ടെങ്കിലും അൻപതുശതമാനത്തിൽത്താഴെ മാത്രം തിരുത്തലുകളാണ് അവ കണ്ടെത്താറുള്ളത്. എന്നാൽ, പോമിലാബ് 70-90 ശതമാനംവരെ റിസൽട്ട് നൽകുമെന്ന് നൗഷാദ് ഉറപ്പുനൽകുന്നു. കംപ്യൂട്ടറിലും മൊബൈൽഫോണുകളിലും ഉപയോഗിക്കാം.
വെബ്‌സൈറ്റുകൾ, പി.ഡി.എഫുകൾ, ഇ-പബ് ഫയലുകൾ എന്നിവയുടെ ലിങ്കുകൾ അപ്ലോഡ് ചെയ്താൽ അവ പൂർണമായും പരിശോധിച്ച് എവിടെയൊക്കെയാണ് ഭിന്നശേഷിസൗഹൃദമാക്കേണ്ടതെന്ന് നിർദേശിക്കും. പി.ഡി.എഫുകൾ ഭിന്നശേഷിസൗഹൃദമാക്കി മാറ്റും. കീബോർഡും സ്‌ക്രീൻ റീഡറും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് രൂപകല്പന.



