പരിമിതികളെ കീഴടക്കി വിക്കറ്റ് വേട്ട തുടരുന്ന ലോകകപ്പ് താരം അനീഷ് പി. രാജൻ

പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാവുകയാണ് അനീഷ് പി രാജന്‍. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മലയാളി സ്പിന്നര്‍ ആഭ്യന്തര ക്രിക്കറ്റ് മൈതാനങ്ങളിലും വിക്കറ്റ് വേട്ട തുടരുകയാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) സംഘടിപ്പിക്കുന്ന എന്‍.എസ്.കെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനവുമായി അനീഷ് ശ്രദ്ധേയനായി. ഇടുക്കിക്ക് വേണ്ടി പന്തെറിഞ്ഞ അനീഷ്, വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.
ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുണ്ടായിരുന്നിട്ടും (ഇടതുകൈ കൊണ്ട് പന്തെറിയുന്ന താരം) ശാരീരിക പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്നാണ് അനീഷ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.
ഇംഗ്ലണ്ടില്‍ നടന്ന ഭിന്നശേഷിക്കാരുടെ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഇടുക്കിക്കാരനായിരുന്നു. 11 വിക്കറ്റുകളായിരുന്നു ടൂര്‍ണ്ണമെന്റില്‍ അനീഷ് നേടിയത്.
ഇടുക്കി പാറേമാവ് പടീതറയില്‍ പി.രാജന്റെയും കെ.കെ.ശ്യാമളയുടെയും മൂന്ന് മക്കളില്‍ ഇളയയാളാണ് അനീഷ്. വളരെ ചെറുപ്പത്തിലെ ക്രിക്കറ്റ് ലോകത്തേയ്ക്ക് ചുവട് വച്ച അനീഷ് വിവിധ ഏജ് ഗ്രൂപ്പ് മത്സരങ്ങളിലൂം മികവ് തെളിയിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി നടക്കുന്ന എന്‍.എസ്.കെ ട്രോഫിയിലും സ്പിന്‍ മാന്ത്രികത ആവര്‍ത്തിക്കുന്ന അനീഷ്, കായികലോകത്തിന് ഒന്നടങ്കം വലിയൊരു പ്രചോദനമാവുകയാണ്.



