ഭിന്നശേഷി വിദ്യാർഥികൾക്ക് ഇനി പടികയറേണ്ട; പരീക്ഷാമുറി താഴത്തെ നിലയിൽ നിർബന്ധം

ലിഫ്റ്റും റാംപും ഇല്ലെങ്കിൽ മുകളിലത്തെ നിലയിൽ പരീക്ഷാമുറി അനുവദിക്കരുത്

തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഇനി പടികയറി ബുദ്ധിമുട്ടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രത്യേക പരിഗണന ആവശ്യമുള്ള (CwSN) വിദ്യാർഥികളുടെ പരീക്ഷാമുറി സാധ്യമായ സാഹചര്യങ്ങളിൽ നിർബന്ധമായും താഴത്തെ നിലയിൽ (ഗ്രൗണ്ട് ഫ്ലോർ) ഒരുക്കണമെന്നാണ് കർശന നിർദേശം.

വീൽചെയർ, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പടികൾ കയറേണ്ട സാഹചര്യം ഉണ്ടാകരുത്. പരീക്ഷാമുറിയിലേക്കുള്ള പ്രവേശനം തടസ്സരഹിതമായിരിക്കണമെന്നും നിർദേശമുണ്ട്. റാംപ്, തടസ്സരഹിത പ്രവേശനപാത, അനുയോജ്യമായ ഇരിപ്പിടം, Accessible Toilet തുടങ്ങിയ സൗകര്യങ്ങൾ പരീക്ഷാകേന്ദ്രത്തിൽ ഉറപ്പാക്കണം.

താഴത്തെ നിലയിൽ പരീക്ഷാമുറി ഒരുക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യത്തിൽ ലിഫ്റ്റ്, റാംപ് തുടങ്ങിയ സുരക്ഷിതവും തടസ്സരഹിതവുമായ സൗകര്യങ്ങളിലൂടെ വിദ്യാർഥിക്ക് പരീക്ഷാമുറിയിൽ എത്താൻ കഴിയുമെന്ന് ഉറപ്പാക്കിയ ശേഷമേ മുകളിലത്തെ നിലയിൽ പരീക്ഷാമുറി അനുവദിക്കാവൂ. വിദ്യാർഥിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് അനാവശ്യമായ ബുദ്ധിമുട്ടും അപകടസാധ്യതയും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

CwSN വിഭാഗത്തിലെ വിദ്യാർഥികൾക്ക് അർഹമായ Scribe/Interpreter, അധികസമയം, Assistive Devices, പ്രത്യേക ഇരിപ്പിട സൗകര്യം തുടങ്ങിയ പരീക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പരീക്ഷാകേന്ദ്രം നിശ്ചയിക്കുന്ന ഘട്ടത്തിൽ തന്നെ ഓരോ വിദ്യാർഥിയുടെയും ഭിന്നശേഷിയുമായി ബന്ധപ്പെട്ട ആവശ്യകതകൾ പരിഗണിച്ച് ആവശ്യമായ മുറിയും പ്രവേശന സൗകര്യങ്ങളും മുൻകൂട്ടി സജ്ജമാക്കണം.

Rights of Persons with Disabilities Act, 2016 ലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളും സൗകര്യങ്ങളും accessible ആക്കുന്നതിനൊപ്പം വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് reasonable accommodation നൽകണമെന്നും പരീക്ഷാ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിയമത്തിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നതായി സർക്കുലർ പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടക്കുന്ന എല്ലാ പരീക്ഷകളിലും CwSN വിദ്യാർഥികൾക്കായി സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശന സൗകര്യങ്ങളോടെ പരീക്ഷാമുറി ഒരുക്കുന്നതിൽ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button