ഭിന്നശേഷി ജീവനക്കാരുടെ ആനുകൂല്യത്തിൽ വീഴ്ച; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

കോട്ടയം: സൂപ്പർ ന്യൂമററി തസ്തികകളിലെ ഭിന്നശേഷി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ നടപടിയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സോഷ്യൽ ജസ്റ്റിസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ എന്നിവർക്ക് നോട്ടീസ് അയക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു.

സൂപ്പർ ന്യൂമററി തസ്തികകളിലെ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റവും സീനിയോറിറ്റിയും അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞവർഷം മേയ് 23-നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ 10 ദിവസത്തിനുള്ളിൽ ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇക്കഴിഞ്ഞ ജൂലായ് 31-ന് ഉത്തരവിട്ടിരുന്നു. എന്നിട്ടും തീരുമാനമെടുക്കാതെ വന്നതോടെ ചില ജീവനക്കാർ കോടതിയലക്ഷ്യ ഹർജിയുമായി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിലാണ് ട്രിബ്യൂണലിന്റെ ഇടപെടൽ.

ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ചിന് മുന്നിലുള്ള കേസ് 28-ന് വീണ്ടും പരിഗണിക്കും. 1999-2003 കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിക്കുകയും, പിന്നീട് 2013-ൽ പ്രത്യേക സൂപ്പർ ന്യൂമററി തസ്തികകളിൽ സ്ഥിരപ്പെടുത്തുകയുംചെയ്ത ഭിന്നശേഷി ജീവനക്കാരാണ് സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും അനീതി നേരിടുന്നത്.

1999-2003 കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി ജോലിയിൽ പ്രവേശിച്ച ഭിന്നശേഷിക്കാരെ 2013-ൽ പ്രത്യേക സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് അന്നത്തെ യു.ഡി.എഫ്. സർക്കാർ സ്ഥിരപ്പെടുത്തിയത്.

2677 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് സ്ഥിരനിയമനം നൽകിയത്. എന്നാൽ ഇവർക്ക് മറ്റ് സ്ഥിരം ജീവനക്കാർക്കുള്ളതുപോലെ ആനുകൂല്യങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. ഏറെ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി ഇവർക്ക് അനുകൂലമായി ഉത്തരവിട്ടത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button