ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണം, ചട്ടങ്ങൾ മറികടന്ന് നിയമനം; കാസർകോട് ജനറൽ ആശുപത്രിയിൽ വിജിലൻസ് മിന്നൽ പരിശോധന

കാസർകോട് ജനറൽ ആശുപത്രിയിൽ വർഷങ്ങളായി നടന്നുവരുന്ന താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിലും ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ കണ്ടെത്തിയത്.
ആർ.എസ്.ബി.വൈ. (രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന) പദ്ധതിയുടെ ഭാഗമായി നടത്തിയ താൽക്കാലിക നിയമനങ്ങളിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണ നടപടികളിലുമാണ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതായി വിജിലൻസ് കണ്ടെത്തിയത്. നിയമന നടപടികളിലും അപേക്ഷകൾ പരിഗണിക്കുന്നതിലും സുതാര്യത ഉറപ്പാക്കാത്തതായും പരിശോധനയിൽ വ്യക്തമായി.
ചട്ടങ്ങൾ മറികടന്ന് പുനർനിയമനങ്ങൾ
2015 മുതൽ ജനറൽ ആശുപത്രിയിൽ ആർ.എസ്.ബി.വൈ. പദ്ധതിയുടെ കീഴിൽ 20 താൽക്കാലിക ജീവനക്കാരെ നിയമിച്ചതിലാണ് പ്രധാന ക്രമക്കേട് കണ്ടെത്തിയത്. സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഈ നിയമനങ്ങൾ നടത്തിയതെന്നാണ് വിജിലൻസ് പരിശോധനയിലെ കണ്ടെത്തൽ.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയോ സുതാര്യമായ മറ്റ് നടപടിക്രമങ്ങളിലൂടെയോ ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിക്കുന്നതിന് പകരം ചട്ടങ്ങൾ മറികടന്നാണ് ഈ നിയമനങ്ങൾ നടത്തിയത്.
താൽക്കാലിക നിയമനത്തിൻ്റെ കാലാവധി പൂർത്തിയായ ശേഷവും പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നൽകാതെ അതേ ജീവനക്കാരെ തന്നെ വീണ്ടും നിയമിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരേ വ്യക്തികൾക്ക് തുടർച്ചയായി പുനർനിയമനം നൽകിയതിൻ്റെ രേഖകളും സംഘം പരിശോധിച്ചു.
അപേക്ഷകൾ പരിഗണിക്കുന്നതിൽ വീഴ്ച
ഭിന്നശേഷി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ പരിഗണിക്കുന്നതിലും വീഴ്ചകളാണ് ജനറൽ ആശുപത്രിയിൽ കണ്ടെത്തിയത്.
2022 മുതൽ ഭിന്നശേഷി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് സ്വീകരിക്കുന്നത്. എന്നാൽ ഓൺലൈൻ വഴി അപേക്ഷ നൽകിയതിന് ശേഷം അപേക്ഷയുടെ അച്ചടി പകർപ്പുമായി നേരിട്ട് ആശുപത്രിയിലെത്തുന്നവരുടെ അപേക്ഷകൾക്കാണ് മുൻഗണന നൽകുന്നതെന്ന് വിജിലൻസ് കണ്ടെത്തി.
ഇത്തരത്തിൽ നേരിട്ടെത്തുന്നവരുടെ അപേക്ഷകൾ വേഗത്തിൽ മെഡിക്കൽ ബോർഡിന് മുന്നിൽ എത്തിക്കുമ്പോൾ, ഓൺലൈൻ വഴി മാത്രം അപേക്ഷിച്ച പലരുടെയും അപേക്ഷകൾ നീണ്ട കാലം പരിഗണിക്കാതെ കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.
2024 മുതൽ ലഭിച്ച നിരവധി ഓൺലൈൻ അപേക്ഷകൾ പരിശോധന നടത്താതെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാതെ കെട്ടിക്കിടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ഓൺലൈൻ അപേക്ഷകളുടെ മുൻഗണനാക്രമം പാലിക്കാതെയാണ് ചില അപേക്ഷകർക്ക് സഹായം നൽകിയതെന്നും പരിശോധനയിൽ വ്യക്തമായി.
തുടരന്വേഷണം ഊർജിതം
ആശുപത്രിയിലെ നിയമന രേഖകൾ, ഭിന്നശേഷി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ, അപേക്ഷകളുടെ പരിഗണനാക്രമം, മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ അപേക്ഷകളുടെ വിവരങ്ങൾ, സേവനകാലയളവ് തുടങ്ങിയവ വിജിലൻസ് സംഘം പിടിച്ചെടുത്ത് പരിശോധിച്ചു.
പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ സ്വഭാവവും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എ.എസ്.ഐ.മാരായ റിജേഷ്, സന്തോഷ്, കെ. ഡോൺ, ശ്രീജിത്ത് മടിക്കൈ, രാജേഷ് മേലത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
താൽക്കാലിക നിയമനങ്ങളിലും അപേക്ഷകളുടെ മുൻഗണനാക്രമം അട്ടിമറിച്ചതിലും സാമ്പത്തിക ആനുകൂല്യം ലഭിച്ചോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ തുടർ പരിശോധനയുണ്ടാകുമെന്നാണ് സൂചന.



