അന്‍പ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ബുദ്ധിപരവും വളർച്ചാപരവുമായി ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കാൻ സാമൂഹികനീതിവകുപ്പ് ഇടംതേടുന്നു.
ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അടിയന്തര സാഹചര്യം വരുമ്പോൾ ഇവരെ താത്‌കാലികമായി സംരക്ഷിക്കുന്ന അൻപുവീട് പദ്ധതിക്കായാണ് ഇടംതേടുന്നത്.
ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്കുവരെ അൻപുവീടൊരുക്കാം. ഇതിനായി സാമൂഹികനീതി വകുപ്പ് താത്‌പര്യപത്രവും ക്ഷണിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ പലപ്പോഴും തൊഴിൽ പോലും ഉപേക്ഷിച്ചാണ് ഇവരെ പരിപാലിക്കുക. എന്നാൽ, പ്രത്യേക സന്ദർഭങ്ങളിൽ നിയമപരമായ കാര്യങ്ങൾക്കോ, ഗുരുതര രോഗ സാഹചര്യത്തിലോ, മാറ്റാരുടെയെങ്കിലും ചികിത്സാർഥമോ, യാത്രയ്‌ക്കോ വേണ്ടി മാറിനിൽക്കേണ്ട സ്ഥിതിവരും. അത്തരം ഘട്ടങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപാലനം രക്ഷിതാക്കൾക്ക് ആശങ്കയാണ്.
ഈ സാഹചര്യത്തിൽ സഹായമുറപ്പാക്കാനാണ് അൻപുപദ്ധതി. ഓട്ടിസം, സെറിബ്രൽ പാൾസി, നാഡീ വൈകല്യങ്ങൾ തുടങ്ങിയവർക്ക് പരിപാലനം ലഭിക്കാത്ത സ്ഥിതിയുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണിത്.
ഭിന്നശേഷി വ്യക്തികളെ പരിപാലിച്ച് പരിചയമുള്ള കുടുംബങ്ങൾ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്‌കൂളുകൾ, കെയർഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ പരീശീലന കേന്ദ്രങ്ങൾ, സൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അൻപുവീടൊരുക്കാം.
ദൈനംദിന പരിചരണം, വ്യക്തി ശുചിത്വം, ഭക്ഷണം കഴിക്കുന്നതിനുള്ള സഹായം, ശൗചാലയ ഉപയോഗം, മരുന്നുനൽകൽ തുടങ്ങിയവയെല്ലാം പരിപാലനത്തിൽ ഉൾപ്പെടും. പരമാവധി ഏഴുദിവസംവരെയാണ് ഗുണഭോക്താക്കളെ പരിപാലിക്കേണ്ടിവരിക. ഇതിനുള്ള തുക സാമൂഹികനീതി വകുപ്പ് അനുവദിക്കും.
ഗുണഭോക്താക്കളിൽനിന്ന് ഫീസ് ഇടാക്കുകയില്ല. ഓഗസ്റ്റ് 31 നകം അൻപുവീടൊരുക്കാൻ താത്‌പര്യമുള്ളവരെ കണ്ടെത്താനാണ് ശ്രമം.
ജില്ലാ സാമൂഹികനീതിവകുപ്പ് മുഖാന്തരമാണ് അപേക്ഷിക്കാനാവുക. അപേക്ഷകളിൽ പരിശോധന നടത്തിയ ശേഷം സ്ഥാപനങ്ങളെ എം-പാനൽ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.



