തിരുവനന്തപുരം മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു

ഭിന്നശേഷി സൗഹൃദ റാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും പരിസരവും ഭിന്നശേഷി സൗഹൃദമായി മാറുന്നു. ആദ്യപടിയായി മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിലെ ഭിന്നശേഷി സൗഹൃദറാമ്പും സ്‌റ്റെയര്‍ ലിഫ്റ്റും, മ്യൂസിയം -മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം നിർവഹിച്ചു.

എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനങ്ങളും പരിപാടികളുമെല്ലാം തടസങ്ങളില്ലാതെ ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്ക് ഇനി കഴിയുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.

ജനക്ഷേമ സംവിധാനങ്ങളുടെ ശരിയായ പരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തം ആണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. പഴയ പ്രതാപത്തോടെ മ്യൂസിയവും മൃഗശാലയും ഇന്നും നിലനിൽക്കുന്നുവെന്നും ഒരുപാട് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മ്യൂസിയത്തിന് ഇനിയും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യൂസിയത്തിലെ ഭിന്നശേഷി ജീവനക്കാരിയും എൽ.ഡി ക്ലാർക്കുമായ കാവ്യയാണ് സ്‌റ്റെയർ ലിഫ്റ്റിൽ ആദ്യമായി കയറിയത്. മ്യൂസിയം പ്ലാൻ ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റെയർ ലിഫ്റ്റ് നിർമ്മിച്ചത്. മ്യൂസിയം ഓഡിറ്റോറിയത്തിന് പുറമേ നാച്യുറലിസ്റ്റ് മ്യൂസിയത്തിലും ത്രീഡി തിയേറ്ററിലും ഭിന്നശേഷി സൗഹൃദ റാമ്പുകൾ ഒരുങ്ങുന്നുണ്ട്. ആറ് ലക്ഷത്തി ഏഴായിരം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്.

മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ ക്ലീറ്റസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ മഞ്ജുളാദേവി പി.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പാര്‍വതി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള, മൃഗശാല സൂപ്രണ്ട് അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button