ഭിന്നശേഷി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നു; സുപ്രീംകോടതി വിധി വന്നിട്ടും അവഗണന

മലപ്പുറം: സൂപ്പർ ന്യൂമററി തസ്തികകളിലെ ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനും സീനിയോറിറ്റിയും അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പായില്ല.
1999-2003 കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലികമായി ജോലി ചെയ്ത 2,677 ഭിന്നശേഷിക്കാരെ 2013ൽ പ്രത്യേക സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് സർക്കാർ സ്ഥിരപ്പെടുത്തിയത്. ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലായിരുന്നു നിയമനം. 2016ൽ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ ഇവർക്ക് സീനിയോറിറ്റിയും പ്രൊമോഷനും വിലക്കി.
ഇത് ഭിന്നശേഷി നിയമങ്ങൾക്കും ഭരണഘടനാപരമായ തുല്യതയ്ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2025 മേയിൽ ഈ ഉത്തരവ് റദ്ദാക്കി. 2013ലെ നിയമനം സ്ഥിരസ്വഭാവമുള്ളതാണെന്നും വകുപ്പുതല പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി ജീവനക്കാർക്ക് മറ്റ് ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിധി വന്ന് ഒരുവർഷം കഴിഞ്ഞിട്ടും അർഹമായ ആനുകൂല്യങ്ങൾക്കായി ഭിന്നശേഷി ജീവനക്കാർക്ക് ഇപ്പോഴും ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത് ഖേദകരമാണ്.
വിനോദ് കുമാർ വി.കെ., സെക്രട്ടറി, ഭിന്നശേഷി കൂട്ടായ്‌മ
എന്ന് തീരും നീതി നിഷേധം
പ്രൊമോഷനും സമയബന്ധിത ഉയർന്ന ഗ്രേഡുകളും ലഭിക്കാത്തതിനാൽ ഭിന്നശേഷി ജീവനക്കാർക്ക് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണ്. ആയിരത്തോളം പേർ വിരമിച്ചു. കോടതി വിധി നടപ്പാക്കിയാൽ ഇവർക്കും ശമ്പള കുടിശിക ലഭിക്കും. മറ്റ് ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യതകളെ ബാധിക്കുമോയെന്ന ആശങ്കയിൽ സർവീസ് സംഘടനകൾക്ക് ഇതിനോട് താത്പര്യമില്ല. മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഫയൽ ഫിനാൻസ് വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. പ്രമോഷൻ ഉൾപ്പെടെ നടപ്പാക്കുമ്പോൾ വന്നേക്കാവുന്ന സാമ്പത്തിക ബാദ്ധ്യത പരിശോധിക്കാനാണ് നിർദ്ദേശം.
കടപ്പാട്: കേരള കൗമുദി



