ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തുന്നതിനായുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി

ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തുന്നതിനായുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ.അബ്ദുൾ ഗഫൂർ. സമ്പൂർണ ഭിന്നശേഷി യു.ഡി ഐ.ഡി കാർഡ് ലഭ്യമാക്കുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ യു.ഡി ഐ.ഡി കാർഡ് വിതരണോദ്‌ഘാടനവും നടന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച മന്ത്രി ഭിന്നശേഷിക്കാരുടെ ഐഡന്റിറ്റിയാണ് യു.ഡി ഐ.ഡി കാർഡെന്നും ഭിന്നശേഷിക്കാർക്കായുള്ള സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കാൻ യുഡി ഐഡി കാർഡ് സഹായിക്കുമെന്നും പറഞ്ഞു. ഗതാഗത വകുപ്പുമായി ചേർന്ന് യു.ഡി ഐ.ഡി കാർഡ് മുഖേന, ഭിന്നശേഷിക്കാർക്ക് കൂടുതൽ യാത്രാനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പി.കെ.ഫിറോസ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.കെ.കാസിം എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബൽക്കീസ് ടീച്ചർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്സയിൻ മാസ്റ്റർ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കുഴി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സുബൈർ മാസ്റ്റർ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ഇലന്തൂർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ റീജിയണൽ ഡയറക്ടർ ഡോ. പി.സി.സൗമ്യ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ എം.അഞ്ജു മോഹൻ, ജില്ലാ പ്രോഗ്രാം ഓഫിസർമാരായ അമിത.എം.കേളപ്പൻ, എൻ.പി. തസ്‌ലീന തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അർഹരായ എല്ലാവർക്കും സവിശേഷ ഭിന്നശേഷി കാർഡ് അഥവാ യുണീക് ഡിസെബിലിറ്റി ഐഡൻറിറ്റി കാർഡ് ലഭ്യമാക്കുന്നതിനുമായി നടത്തിയ ഏകോപിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ യു.ഡി ഐഡി കാർഡ് വിതരണ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്.
2016 –ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം അംഗീകരിക്കപ്പെട്ട 21 വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ രേഖയും അർഹമായ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ഏകീകൃത സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനും യു.ഡി ഐ.ഡി കാർഡ് സഹായകമാണ്.



