ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

അങ്കമാലി: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വകുപ്പ് ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ബെന്നി ബഹനാന്‍ എം.പി. ആവിഷ്‌കരിച്ച ‘സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാന പ്രഖ്യാപനമുണ്ടായത്. ‘ഒപ്പം ഉണ്ട് എം.പി’ പദ്ധതിയുടെ ഭാഗമായി അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഈ വിവരം അറിയിച്ചത്.
എയ്ഡഡ് പദവിയില്ലാത്ത സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പദവി നല്‍കുമെന്നും, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കുകയുണ്ടായി.
ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും അടങ്ങിയ നിവേദനം ബെന്നി ബഹനാന്‍ എം.പി ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ‘ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’ എന്ന് നിവേദനം സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ചാലക്കുടി മണ്ഡലത്തിലെ ബി.ആര്‍.സി.കള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്.
ഭിന്നശേഷിക്കാരായ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. കുട്ടികളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്, രാജ്യസഭാ എം.പി ഹാരിസ് ബീരാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, സനീഷ് കുമാര്‍ ജോസഫ്, മനോജ് മൂത്തേടന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, മാജിക് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാദര്‍ ജയ്സണ്‍ പരപ്പള്ളി, സോഷ്യല്‍ മീഡിയ സെലിബ്രിറ്റി സല്‍മാന്‍ കുറ്റിക്കാട്, ധന്യ രവി തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വ്യക്തിഗത ക്ഷണക്കത്തുകളും കാഴ്ചപരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള കത്തുകളും നല്‍കിയിരുന്നു. ആലുവ ബ്ലൈന്‍ഡ് സ്‌കൂളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ‘ഓര്‍ബിറ്റ് റീഡര്‍’ കൈമാറി.
ബെന്നി ബഹനാന്‍ എം.പി.യുടെ ഡിജിറ്റല്‍ വിസ്ഡം പദ്ധതിയുടെ ഭാഗമായി വെര്‍ജ് ഫൗണ്ടേഷന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ‘ഡിജിറ്റല്‍ ആക്ടിവിറ്റി ബുക്ക്’ പദ്ധതിയുടെ ലോഞ്ചിങ് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു.
ഭിന്നശേഷി കുട്ടികള്‍ സ്വയം തയ്യാറാക്കിയ ചിത്രങ്ങളാണ് വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരമായി നല്‍കിയത്. പരിപാടിയുടെ അവസാനത്തില്‍ ആലുവ ബ്ലൈന്‍ഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആന്റണി അല്‍ജിന്‍ നടത്തിയ നന്ദി പ്രഭാഷണം ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
‘ഞങ്ങളെപ്പോലുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കാനും ഞങ്ങളുടെ കഴിവുകളെ അംഗീകരിക്കാനും ഇത്തരമൊരു വേദി ഒരുക്കിയതിന് എല്ലാവരോടും ഒത്തിരി നന്ദിയുണ്ട്’ എന്ന് ആന്റണി അല്‍ജിന്‍ വികാരഭരിതനായി പറഞ്ഞു. സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശമുയര്‍ത്തിയ ‘സ്പര്‍ശം’ സംഗമം ഭിന്നശേഷി കുട്ടികള്‍ക്ക് വലിയൊരു പിന്തുണയായി മാറി.



