ആസിഡ് ഉള്ളിൽ ചെന്നവർക്കും ഭിന്നശേഷി ആനുകൂല്യം; ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരുടെ നിർവ്വചനത്തിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായി പുറമെ പരിക്കേറ്റവർക്ക് പുറമെ, ആസിഡ് നിർബന്ധപൂർവ്വം കുടിപ്പിക്കപ്പെട്ട് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റവരെയും ഇനി മുതൽ ആസിഡ് ആക്രമണ ഇരകളായി കണക്കാക്കും.

ഇതോടെ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടവർക്കും 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രവിധി പ്രസ്താവിച്ചത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ ഇടപെടൽ. പുറമെ മുറിവുകളില്ല എന്ന കാരണത്താൽ ആസിഡ് ഉള്ളിൽ ചെന്ന് ആന്തരിക തകരാറുകൾ നേരിടുന്നവരെ മുൻപ് ഭിന്നശേഷി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

2026 മെയ് 4-ന് പ്രാബല്യത്തിൽ വന്ന ഈ ഉത്തരവിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്നതിനാൽ, മുൻപ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടവർക്കും ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കും. നിയമത്തിൽ കൃത്യമായ ഭേദഗതി വരുന്നത് വരെ ‘ആസിഡ് ആക്രമണ ഇരകൾ’ എന്ന പ്രയോഗത്തിനൊപ്പം ഈ വിഭാഗത്തെയും ചേർക്കണമെന്ന് കോടതി വ്യക്തമാക്കി.

ആക്രമണത്തിന് ഇരയായവർക്ക് മാന്യമായ ജീവിതവും പുനരധിവാസവും ഉറപ്പാക്കുന്നതിനൊപ്പം പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണം.

കൂടാതെ, ആസിഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിയമവിരുദ്ധമായി ആസിഡ് വിൽക്കുന്നവരെ ഉത്തരവാദികളാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ സർക്കാർ ആവശ്യമായ നടപടികൾ ആലോചിച്ചുവരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button