എയ്‌ഡഡ്‌ സ്‌കൂൾ ഭിന്നശേഷി നിയമനം വേണ്ടത്‌ 7000; റിപ്പോർട്ട്‌ ചെയ്‌തത്‌ 1345 ഒഴിവ്‌

തിരുവനന്തപുരം: എയ്‌ഡഡ്‌ സ്‌കൂൾ മാനേജർമാർ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട്‌ ചെയ്‌തത്‌ 1,345 ഒഴിവുകൾ മാത്രം. കണക്കുകൾ പ്രകാരം ഏകദേശം 7000 ഒഴിവുകൾ ഇതിനായി മാറ്റിവയ്‌ക്കേണ്ടതാണ്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതെ ഭിന്നശേഷി സംവരണം അട്ടിമറിക്കാനാണ്‌ ശ്രമം. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌ തൃശൂരിൽനിന്നാണ്‌. 172 എണ്ണം. കുറവ്‌ ഇടുക്കിയിലും (-28). തിരുവനന്തപുരം -54, കൊല്ലം -98, പത്തനംതിട്ട -42, ആലപ്പുഴ -70, കോട്ടയം- 93, എറണാകുളം -135, പാലക്കാട്- 98, മലപ്പുറം- 147, കോഴിക്കോട്- 131, വയനാട്- 38, കണ്ണൂർ -146, കാസർകോട്‌ -93 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണനിയമനങ്ങൾ സമയബന്ധിതമായി നടത്താൻ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂൾ മാനേജർ റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവനുസരിച്ച്‌ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ നിയമനത്തിനായി നൽകുന്നത് ഇ‍ൗ സമിതികളാണ്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ നിന്നാണ്‌ ജില്ലാതലസമിതി, ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കുന്നത്‌. റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമന ശിപാർശ ജില്ലാതല സമിതി കൺവീനർ, സമന്വയ പോർട്ടൽ മുഖേന മാനേജർക്ക്‌ നൽകും. ഇത്‌ ലഭിച്ച് 15 ദിവസത്തിനകം സ്‌കൂൾ മാനേജർ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. ഇതോടെ ഉദ്യോഗാർഥിക്ക് ജോലിയിൽ പ്രവേശിക്കാനാകും. 
ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാകുന്നതോടെ മറ്റു ജീവനക്കാരുടെ നിയമനത്തിനും അംഗീകാരമാകും. 25 നകം നിയമന പ്രക്രിയ പൂർത്തീകരിക്കാനാണ്‌ സർക്കാർ നിർദേശം.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button