ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി വർധിപ്പിച്ചു

തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ആശ്വാസകിരണം’ പദ്ധതിയുടെ പ്രതിമാസ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ നൽകിയിരുന്ന 600 രൂപയിൽ നിന്ന് 1000 രൂപയായാണ് തുക ഉയർത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, 100% ഭിന്നശേഷിയുള്ളവർ, കിടപ്പിലായ രോഗികൾ, ക്യാൻസർ ബാധിതർ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗങ്ങളുള്ളവർ, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുന്നത്.
2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച തുക വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നൽകിയ ശുപാർശ പരിശോധിച്ചാണ് സർക്കാറിൻറെ ഈ നടപടി. ഉത്തരവ് പുറത്തുവന്ന തീയതി മുതൽ പുതിയ നിരക്കിന് പ്രാബല്യമുണ്ടായിരിക്കുന്നതാണ്.



